പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് കർശന നിയന്ത്രണങ്ങളുമായി ബംഗളൂരു പൊലീസ്. ഇന്നു മുതൽ 2024 ജനുവരി 15 വരെ ഫീനിക്‌സ് മാൾ ഓഫ് ഏഷ്യ അടച്ചിടാൻ ബംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ നിർദേശിച്ചു. പുതുവത്സരാഘോഷത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി 11 മുതൽ നാളെ പുലർച്ചെ ആറുവരെ വിമാനത്താവള റോഡിലെ മേൽപ്പാതകൾ ഒഴികെ പൂർണമായും അടച്ചിടും. ഹെന്നൂർ, ഐ.ടി.സി ജങ്ഷൻ, ബാനസവാടി മെയിന്റോഡ്, ലിംഗരാജപുര, ഹെന്നൂർ മെയിൻ റോഡ്, കൽപ്പള്ളി റെയിൽവേ ഗേറ്റ് , ഡൊംലൂർ , നാഗവാര , മേദഹള്ളി, ഒ.എം.റോഡ്, ദേവരബീസനഹള്ളി, മഹാദേവനപുര, ദൊഡ്ഡനഗുണ്ഡി എന്നിവിടങ്ങിലെ മേൽപ്പാതകളാണ് അടച്ചിടുക.

ഹിൽ സ്റ്റേഷനുകളും നന്ദിഹിൽസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ കളക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഈ സ്ഥലങ്ങളിൽ പാർട്ടി നടത്തിയതിന് ശേഷം അപകടമുണ്ടായതോടെയാണ് ജില്ലാ ഭരണകൂടങ്ങൾ കർശന നടപടി സ്വീകരിച്ചത്. ഇന്നു വൈകിട്ട് ആറു മുതൽ നാളെ രാവിലെ ആറു വരെ നന്ദി പൂർണമായും അടച്ചിടുമെന്ന് ചിക്കബെല്ലാപൂർ ജില്ലാ കളക്ടർ പി എൻ രവീന്ദ്ര വ്യക്തമാക്കി.
അതേസമയം, നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനാണ് ഫീനിക്‌സ് മാൾ ഓഫ് ഏഷ്യ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്. മാളിന് നൽകിയ ഭാഗിക ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയ്ക്ക് പൊലീസ് കത്തയച്ചു.