യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഫോൺ സംഭാഷണം നടത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ കാനഡ തുടർന്നും പിന്തുണ നൽകുമെന്ന് ട്രൂഡോ ഉറപ്പു നൽകി. റഷ്യയുടെ അധിനിവേശം രണ്ടാം ശീതകാലത്തിലേക്ക് പ്രവേശിക്കുമ്പോൾ, യുക്രൈനിയക്കാർക്ക് കാനഡയുടെ പിന്തുണ പ്രതീക്ഷിക്കാമെന്ന് ട്രൂഡോ പുതുവത്സര ദിനത്തിൽ X-ൽ കുറിച്ചു. പുതുവർഷത്തിന്റെ തുടക്കത്തിൽ റഷ്യ യുക്രൈനിലേക്ക് 90 ഷാഹെദ്-തരം ഡ്രോണുകൾ വിക്ഷേപിച്ചതിന് പിന്നാലെ ആക്രമണം തീവ്രമാക്കുമെന്ന് വ്‌ളാഡിമിർ പുടിൻ പ്രതിജ്ഞയെടുപ്പിച്ചതിന് ശേഷമാണ് ട്രൂഡോ എക്സിൽ പിന്തുണയറിയിച്ചത്.
അതേസമയം, റഷ്യയുടെ ഏറ്റവും പുതിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് താൻ ട്രൂഡോയെ അറിയിച്ചെന്നും ഇത് യുക്രൈനിയൻ പ്രദേശങ്ങളായ സുമി, ഒഡെസ, ലിവ്, പോൾട്ടാവ, കൈവ്, ഡൊനെറ്റ്‌സ്‌ക്, കെർസൺ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെ തകർത്തെന്നും എയർ മിസൈൽ സംവിധാനങ്ങളും മിസൈലുകളും നൽകിക്കൊണ്ട് ഞങ്ങളെ സഹായിക്കാനുള്ള പ്രധാനമന്ത്രി ട്രൂഡോയോടു സഹായ സന്നദ്ധതയ്ക്ക് ഞാൻ നന്ദിയുള്ളവനാണെന്നും സെലെൻസ്കി പറഞ്ഞു. ജനുവരിയിൽ ദാവോസിൽ ഉപദേശകരുടെ നാലാമത്തെ പീസ് ഫോർമുല മീറ്റിംഗ് തയ്യാറാക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തതായും സെലൻസ്കി കൂട്ടിച്ചേർത്തു.
അതിനിടെ, റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോഡിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിന് ശേഷം യുക്രൈൻ കൂടുതൽ മാരകമായ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് പുതുവർഷ ദിനത്തിൽ സൈനിക ആശുപത്രി സന്ദർശനത്തിനിടെ പുടിൻ പറഞ്ഞു.