വാഷിങ്ടണ്‍: മരുന്നിന് പകരം നഴ്‌സ് പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം. യു.എസി.ലെ ഓറഗണിലെ ആശുപത്രിയിലാണ് സംഭവം. വേദനാസംഹാരിയായ ഫെന്റനൈലിനു പകരമാണ് നഴ്‌സ് പൈപ്പ് വെള്ളം രോഗികള്‍ക്ക് ഡ്രിപ്പിട്ട് നല്‍കിയത്.
ആശുപത്രിയില്‍നിന്ന് മരുന്ന് മോഷണം നടത്തിയ ശേഷം തന്റെ കളവ് മറയ്ക്കാനാണ് നഴ്‌സ് രോഗികള്‍ക്ക് വെള്ളം കുത്തിവെച്ചതെന്ന് പോലീസ് കണ്ടെത്തി. ശുചീകരിക്കാത്ത പൈപ്പ് വെള്ളം ശരീരത്തില്‍ കടന്നതിനെ തുടർന്നുണ്ടായ അണുബാധയേറ്റാണ് പത്തു രോഗികളും മരിച്ചത്.
2022- മുതല്‍ ഇത്തരത്തില്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് മോഷണം പോകുന്നുണ്ടെന്നും മരുന്നിന് പകരം രോഗികള്‍ക്ക് വെള്ളം കുത്തിവെച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി. 2022 നവംബറില്‍ മരണപ്പെട്ട സാമുവല്‍ അലിസണ്‍, ബാറി സാംസ്റ്റെന്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ ഇരുവരുടേയും മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതിയുമായെത്തിയതോടെയാണ് ഹീനകൃത്യം പുറംലോകമറിയുന്നത്.
മരുന്നിന് പകരം പൈപ്പ് വെള്ളം കുത്തിവെച്ചതില്‍നിന്നുണ്ടായ അണുബാധ മൂലമാണ് ഇരുവരും മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടി.