വാൻകൂവർ : ബ്രിട്ടിഷ് കൊളംബിയ കോക്വിറ്റ്‌ലാമിലുണ്ടായ വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. ശനിയാഴ്ച വൈകിട്ട് നാലരയോടെ, കോക്വിറ്റ്‌ലാമിലെ ഗ്ലെൻ ഡ്രൈവിലുള്ള വെസ്റ്റ്‌വുഡ് സ്ട്രീറ്റിലെ തിരക്കേറിയ സ്ഥലത്താണ്വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ട യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവിശ്യയിൽ നടക്കുന്ന മൂന്നാമത്തെ വെടിവെപ്പാണിതെന്ന് കോക്വിറ്റ്‌ലാം മൗണ്ടീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ആർസിഎംപി അറിയിച്ചു.വ്യാഴാഴ്ച മുതൽ നഗരത്തിൽ നടന്ന മറ്റ് രണ്ട് വെടിവയ്പ്പുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവയിലൊന്നും മരണമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.