നയാഗ്ര ഫോൾസ് റോഡരികിൽ ഏഴു നായ്ക്കുട്ടികളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. 63 വയസുള്ള മരിയോ സിഡ് സിൽവ എന്ന ആൾക്കെതിരെയാണ് കേസെടുത്തത്. മൃഗത്തിനെ മനഃപൂർവ്വം വേദനിപ്പിക്കുക, മൃഗങ്ങളെ കൊല്ലുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഡിസംബർ 28-ന് ഉച്ചയോടെ ആയിരുന്നു സംഭവം. നയാഗ്ര ഫോൾസിന്റെ പാർക്ക്‌വേയ്ക്കും എഡ്‌വർത്ത് റോഡിനും സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു നായ്ക്കുട്ടികൾ. അതിൽ ഒന്ന് ചത്തിരുന്നു. നദിയിൽ എത്തിയ സന്ദർശകരാണ് നായ്ക്കുട്ടികളെ കണ്ടത്. അവർ ഉടനെ തന്നെ പൊലീസിനെ വിവരമറിയിച്ചു. നായ്ക്കുട്ടികളെ നയാഗ്ര എസ്പിസിഎയുടെയും ഹ്യൂമൻ സൊസൈറ്റിയുടെയും സംരക്ഷണത്തിലേക്ക് മാറ്റി. ആറ് മുതൽ എട്ട് ആഴ്ച വരെ പ്രായമുള്ള ഇവ ഷാർപെ ഇനത്തിൽപെട്ടവയാണ്.