ലുസൈല്‍: ഏഷ്യന്‍കപ്പ് ഫുട്‌ബോളില്‍ മൂന്ന് ഗോള്‍ ജയത്തോടെ ഖത്തര്‍ പടയോട്ടം തുടങ്ങി. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ലെബനനെ തോല്‍പ്പിച്ചു. അക്രം ആഫിഫിന്റെ ഇരട്ട ഗോളും (45,90+6) അല്‍മോയസ് അലിയുടെ (56) ഗോളുമാണ് വിജയമൊരുക്കിയത്. ആതിഥേയരും റാങ്കിങ്ങില്‍ ഏറെമുന്നിലുള്ളവരുമായ ഖത്തിറിനെതിരേ മികച്ച പോരാട്ടം നടത്തിയാണ് ലെബനന്‍ കീഴടങ്ങിയത്.

ഓഫ്‌സൈഡ് കെണിയില്‍ ഖത്തറിനെ തളക്കാനായിരുന്നു ലെബനീസ് തന്ത്രം. കളിയുടെ ആറാംമിനിറ്റില്‍ തന്നെ അല്‍മോയസ് അലിയിലൂടെ ഖത്തര്‍ ഗോളടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ അത് അസാധുവായി. പിന്നീടുംപലതവണ ഓഫ്‌സൈഡില്‍ കുരുങ്ങിയ ഖത്തറിന് ആദ്യ ഗോള്‍ കണ്ടെത്താന്‍ ആദ്യ പകുതിയുടെ അവസാന മിനിറ്റിന് വരെ കാത്തിരിക്കേണ്ടി വന്നു.