നയതന്ത്ര തർക്കം രൂക്ഷമായിക്കൊണ്ടിരിക്കെ രാജ്യത്ത് നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ അന്ത്യശാസനം നൽകി മാലിദ്വീപ്. അടുത്തിടെ ചൈന സന്ദർശിച്ച് മടങ്ങിയ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, സൈനിക സാന്നിധ്യം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസിലെ പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 15നകം മുഴുവൻ സൈനികരെയും പിൻവലിക്കണമെന്നാണ് മാലിദ്വീപ് അറിയിച്ചിരിക്കുന്നത്.
കടൽ സുരക്ഷക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലിദ്വീപിലുള്ളത്. റിപ്പോർട്ട് പ്രകാരം 88 സൈനികരാണ് മാലിദ്വീപിലുള്ളത്. ഇന്ത്യൻ സൈനികർക്ക് മാലിദ്വീപിൽ തങ്ങാനാകില്ലെന്നും ഇതാണ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന്റെയും ഈ ഭരണകൂടത്തിന്റെയും നയമെന്നും അബ്ദുല്ല നാസിം വ്യക്തമാക്കി.
മാലിദ്വീപും ഇന്ത്യയും സൈനികരെ പിൻവലിക്കാനുള്ള ചർച്ചകൾക്കായി ഒരു ഉന്നതതല കോർ ഗ്രൂപ്പിനെ രൂപീകരിച്ചിട്ടുണ്ട്. ഞായറാഴ്ച മാലിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് സംഘം ആദ്യ യോഗം ചേർന്നു. യോഗത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറും പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.