റാഞ്ചി: ഒളിംപിക്‌സ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ മത്സരത്തില്‍ ജപ്പാനോട് ഒരുഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ 2024 പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടാനാവാതെ ഇന്ത്യ പുറത്തായി.

2016ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഒളിംപിക്‌സിന് യോഗ്യത നേടാന്‍ കഴിയാതെ പോവുന്നത്. ജപ്പാന് വേണ്ടി കാനാ ഉരാതായാണ് വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ പിറന്ന ഗോളിന് മറുപടി നല്‍കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇന്ത്യന്‍ വനിതകള്‍ക്ക് കഴിഞ്ഞില്ല. വിജയത്തോടെ ജപ്പാന്‍ പാരീസ് ബെര്‍ത്ത് ഉറപ്പിച്ചു. യോഗ്യത ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കാണ് ഒളിംപിക്‌സ് യോഗ്യത.
വ്യാഴാഴ്ച നടന്ന സെമിഫൈനലില്‍ ജര്‍മ്മനിയോടും ഇന്ത്യന്‍ വനിതകള്‍ തോല്‍വി വഴങ്ങിയിരുന്നു. കരുത്തരായ ജര്‍മ്മനിയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ പൊരുതി വീണത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് വീതം ഗോളുകളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.