ന്യൂഡൽഹി: റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ഭാഗികമായ നിയന്ത്രണം. ജനുവരി 19 മുതൽ ജനുവരി 26 വരെയാണ് വിമാനങ്ങൾക്ക് നിയന്ത്രണം. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ രാവിലെ 10:20 മുതൽ 12:45 വരെ വിമാന സർവീസിന് നിയന്ത്രണമുണ്ട്. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനും ടേക്ക് ഓഫിനും അനുമതിയില്ല.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹി വിമാനത്താവളം അടക്കുമെന്നും റിപ്പോർട്ടുണ്ട്. ജനുവരി 29 വരെ നിയന്ത്രണമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. നിയന്ത്രണം ഗവർണർ, മുഖ്യമന്ത്രിമാർ എന്നിവർ സഞ്ചരിക്കുന്ന സുരക്ഷാ സേനയുടെയും സൈന്യത്തിന്റെയും ഹെലികോപ്റ്റർ, വിമാനങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിക്കില്ല.
സുരക്ഷ മുൻനിർത്തിയാണ് വിമാന സർവീസിന് നിയന്ത്രണമേർപ്പെടുത്തിയത്. റിപ്പബ്ലിക് ആഘോഷങ്ങൾക്കായി വൻ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് 75-ാമത് റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ അതിഥിയായി എത്തുന്നത്. ഏറ്റവും കൂടുതൽ പെൺകുട്ടികൾ അണിനിരക്കുമെന്ന പ്രത്യേകത ഇത്തവണത്തെ റിപ്പബ്ലിക് ആഘോഷത്തിനുണ്ട്. ബിഎസ്എഫിലെ വനിത ഉദ്യോഗസ്ഥർ അണിനിരക്കുന്ന മാർച്ച് ഉണ്ടാകും. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റും രണ്ട് ഉപ ഉദ്യോഗസ്ഥരും നയിക്കുന്ന മാർച്ചിൽ 144 വനിതകളാണ് ഉണ്ടായിരിക്കുക.