ഇസ്താൻബൂൾ : ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലകൾക്കും അതിക്രമങ്ങൾക്കും നേരെ കണ്ണടക്കുന്നവരെല്ലാം ദുഃഖിക്കേണ്ടി വരുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗൻ. ഗസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 25,000 ത്തോളം നിരപരാധികളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഇതെല്ലം നിശബ്ദമായി കണ്ട് നിന്ന എല്ലാവരും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എർദോഗൻ പറഞ്ഞു.
ഗാസ വിഷയത്തിൽ ഏറ്റവും മോശമായ ഇടപെടൽ നടത്തിയ പാശ്ചാത്യ രാജ്യങ്ങൾക്കും അന്താരാഷ്ട്ര സുരക്ഷാ സ്ഥാപനങ്ങൾക്കും വിശ്വാസ്യത നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുന്നവരെല്ലാം തന്നെ ഒക്‌ടോബർ ഏഴിന് ഇസ്രയേൽ ആക്രമണം ആരംഭിച്ചതു മുതൽ മൗനം പാലിച്ചിരിക്കുകയാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തുന്ന വംശഹത്യ കണ്ട് ആസ്വദിക്കുകയാണ് അവർ. ഇറാഖ്, ബോസ്‌നിയ, സിറിയ, യെമൻ, മ്യാൻമർ, സൊമാലിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലോക്കെ സംഭവിച്ചത് തന്നെ പലസ്തീനും അനുഭവിക്കുന്നു.

അന്താരാഷ്ട്ര സുരക്ഷാ ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവരെല്ലാം പരാജയപ്പെട്ടിരിക്കുന്നു. സിറിയയിലെയും ഇറാഖിലെയും ഭീകരത പൂർണ്ണമായും അവസാനിക്കുന്നത് വരെ ഞങ്ങൾ തീവ്രവാദത്തിനെതിരായ പോരാട്ടം തുടരും.’തുർക്കി പ്രസിഡന്റ് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഏകദേശം 85 ശതമാനം ഗാസക്കാരാണ് ഇസ്രയേൽ ആക്രമണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടത്. അവരെല്ലാം ഭക്ഷ്യ അരക്ഷിതാവസ്ഥത നേരിടുന്നു.
ലക്ഷക്കണക്കിന് ആളുകൾ പാർപ്പിടമില്ലാതെ ജീവിക്കുന്നു, സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് പ്രദേശത്തേക്ക് പ്രവേശിക്കുന്ന സഹായ ട്രക്കുകളുടെ എണ്ണത്തിന്റെ പകുതിയിൽ താഴെ മാത്രമാണ് ഇപ്പോൾ ഉള്ളത്.