അയോധ്യ ശ്രീരാമ ജന്മഭൂമിയില്‍ നാളെ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ ക്ഷേത്രത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യൻ ബഹിരാകാശ ഏജൻസി ഇസ്രോ. 2.7 ഏക്കര്‍ വിസ്തൃതിയിലുള്ള ക്ഷേത്ര സമുച്ചയത്തെ പൂര്‍ണമായും പുറത്തുവന്ന സാറ്റലൈറ്റ് ചിത്രത്തില്‍ കാണാന്‍ സാധിക്കും.

ഇസ്രോ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് രാമക്ഷേത്രത്തിന്റെ വിശദമായ ദൃശ്യങ്ങളാണ് പകർത്തിയിരിക്കുന്നത് .
ക്ഷേത്ര നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് എടുത്ത ചിത്രങ്ങളാണിവ. കനത്ത മൂടല്‍ മഞ്ഞു കാരണം പിന്നീട് എടുത്ത ചിത്രങ്ങളില്‍ ക്ഷേത്രം വ്യക്തമായിരുന്നില്ല. ചിത്രമെടുക്കുന്നതിനെ കൂടാതെ ക്ഷേത്രനിർമ്മാണത്തിന്റെ മറ്റ് ഘട്ടങ്ങളിലും ഇസ്രോയുടെ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള കൃത്യമായ സ്ഥലം കണ്ടെത്തുന്നത്. ഇതിനായി ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) അടിസ്ഥാനമാക്കിയുള്ള കോർഡിനേറ്റുകളാണ് ഉപയോഗിച്ചത്. ഇന്ത്യയുടെ ‘സ്വദേശി ജിപിഎസ്’ എന്ന് അറിയപ്പെടുന്ന ഇസ്രോ വികസിപ്പിച്ചെടുത്ത നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷനില്‍ നിന്നുള്ള ലൊക്കേഷൻ സിഗ്നലുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഇസ്രോയുടെ ഭാഗമായ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് ചിത്രം പ്രോസസ്സ് ചെയ്തിരിക്കുന്നത്.