രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകൾക്കും പുറമേ എൻഎസ്ജി സ്‌നിപ്പർ ടീമുകളും സുരക്ഷയൊരുക്കാൻ അയോധ്യയിലുണ്ട്.

അയോധ്യയിലെ യെലോ സോണിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള എഐ അധിഷ്ഠിത ക്യാമറകളും വിന്യസിച്ചു. ബോംബ്– ഡോഗ് സ്ക്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം വന്‍ താരനിരയും കൂടിയാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത്. സംഗീത – സിനിമാ – കായിക രംഗത്തെ താരങ്ങള്‍ മുതല്‍ സാംസ്‌കാരിക രംഗത്തെ താരങ്ങള്‍ വരെയുണ്ട്. ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് അയോധ്യയിലെത്തും. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികൾക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാൻ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.