ടൊറൻ്റോ: രണ്ട് വർഷം മുമ്പ് മാനിറ്റോബയിലെ യു.എസ്- കാനഡ അതിർത്തിയിൽ കഠിനമായ തണുപ്പു മൂലം മരിച്ച കുടുംബത്തെ അതിർത്തി കടക്കാൻ സഹായിച്ചു എന്ന് ഇന്ത്യയിലെ പൊലീസ് കണ്ടെത്തിയ ഫെനിൽ പട്ടേൽ ടൊറൻ്റോയ്ക്ക് പുറത്തുള്ള ഒരു പ്രാന്തപ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് സിബിസിയുടെ “ദ ഫിഫ്ത്ത് എസ്റ്റേറ്റ്” നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

രണ്ട് വർഷം മുമ്പ് കനത്ത മഞ്ഞുവീഴ്ചയിലും -35 ഡിഗ്രി സെൽഷ്യസ് താപനിലയിലും മൂലം കൊല്ലപ്പെട്ട ജഗദീഷ് പട്ടേലിനെയും, കുടുംബത്തെയും അതിർത്തിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ച രണ്ട് ആളുകളിൽ ഒരാളാണ് ഫെനിൽ പട്ടേലെന്ന് കേസ് അന്വേഷണത്തിൽ ഗുജറാത്ത് പൊലീസ് കണ്ടെത്തിയിരുന്നു.
2022 ജനുവരി 19-ന് എമേഴ്‌സണിനടുത്തുള്ള മിനസോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പട്ടേൽ കുടുംബം മരണപ്പെട്ടത്. മുപ്പത്തി ഒൻപതുകാരനായ ജഗദീഷ് പട്ടേൽ, മുപ്പത്തി ഏഴ്കാരിയായ ഭാര്യ വൈശാലി, ഇവരുടെ പതിനൊന്ന് വയസ്സുള്ള മകൾ വിഹാംഗി, മൂന്ന് വയസ്സുള്ള മകൻ ധാർമിക് എന്നിവരുടെ മൃതദേഹങ്ങൾ യുഎസ് അതിർത്തിയിൽ നിന്ന് 12 മീറ്റർ അകലെയാണ് കണ്ടെത്തിയത്.

ഫെനിൽ പട്ടേൽ ടൊറൻ്റോയിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയയിലേക്കും, പിന്നീട് മാനിറ്റോബയിലേക്കും നിരവധി അനധികൃത കുടിയേറ്റക്കാരെ എത്തിച്ചുവെന്ന ആരോപണവും ഉണ്ട്. 2022 ജനുവരി 18-ന് രാത്രിയിലെ കൊടും തണുപ്പിലാണ് എമേഴ്‌സണിനടുത്തുള്ള അതിർത്തിയിലെ ഒരു വിദൂര പ്രദേശത്ത് ഫെനിൽ ഇവരെ എത്തിക്കുന്നത്.
ഗുജറാത്ത് പൊലീസ് ഈ കേസ് അന്വേഷിക്കുകയും ചില പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് പറയുന്ന പ്രകാരം ഫെനിൽ പട്ടേൽ കാനഡയിലെ ഒരു ഏജൻ്റാണ്. ഫെനിൽ പട്ടേലിനെ കണ്ടെത്താനും, കാനഡയിൽ അറസ്റ്റ് ചെയ്യാനും ആർസിഎംപിയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അതിനാൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാമെന്നും ഗുജറാത്ത് പൊലീസ് പറഞ്ഞു.
എന്നാൽ RCMP യോ മറ്റ് അധികൃതരോ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഫെനിൽ പട്ടേലിനെ കണ്ടെത്തിയ CBC റിപ്പോർട്ടറും സംഭവത്തെകുറിച്ച് ഫെനിൽ പട്ടേലിനോട് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല എന്നും CBC റിപ്പോർട്ടിൽ പറയുന്നു.
