ബാഴ്സലോണ: സ്പാനിഷ് ലീഗ് ഈ സീസൺ അവസാനിക്കുന്നതോടെ ബാഴ്സലോണ വിടുമെന്ന് പ്രഖ്യാപിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. ക്ലബിനെ മുന്നേറ്റത്തിലേക്ക് നയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സാവി ക്ലബ് വിടുന്നത്. ലാ ലിഗയില്‍ കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരായ 5-3ന്റെ തോല്‍വിക്ക് പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം.

ലാ ലിഗ കിരീടപോരാട്ടത്തില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിന് 10 പോയന്റ് പിന്നിലാണ് ബാഴ്സ. രണ്ടാമതുള്ള ജിറോണയ്ക്ക് എട്ടു പോയന്റ് പിന്നിലും. സീസണ് അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് സാവി, ക്ലബ് പ്രസിഡന്റ് യൊവാന്‍ ലാപോര്‍ട്ട, സ്പോര്‍ട്ടിംഗ് വൈസ് പ്രസിഡന്റ് റാഫ യൂസ്റ്റ്, ഫുട്ബോള്‍ ഡയറക്ടര്‍ ഡെക്കോ എന്നിവരെ അറിയിച്ചതായി ബാഴ്സ അവരുടെ വെബ്സൈറ്റില്‍ കുറിച്ചു.
ഒരു ബാഴ്സലോണ ആരാധകൻ എന്ന നിലയിൽ ഇപ്പോഴത്തെ സാഹചര്യം തുടരാൻ താൻ അനുവദിക്കില്ല. മാറ്റങ്ങൾ ഉണ്ടാകണം. നീണ്ട ആലോചനകൾക്ക് ശേഷമാണ് ബാഴ്സ വിടുന്നത്. പരിശീലക സ്ഥാനം നിർണായകമാണ്. ആ ബഹുമാനം ലഭിക്കാതിരിക്കുമ്പോൾ സങ്കടം തോന്നുന്നു. ഇത് തന്റെ മാനസിക കരുത്ത് തകർക്കുന്നതായും സാവി വ്യക്തമാക്കി.
2021 നവംബറിലാണ് ബാഴ്സ പരിശീലകനായി സാവി എത്തുന്നത്. 2022-23 സീസണിൽ ബാഴ്സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. 1998 മുതൽ 2015 വരെ സാവി ബാഴ്സയിൽ കളിച്ചിരുന്നു. ബാഴ്സയുടെ സുവർണ കാലഘട്ടത്തിലെ നിർണായക സാന്നിധ്യമാണ് സാവി ഹെർണാണ്ടസ്.
