കറാച്ചി : മറ്റന്നാൾ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന പാക്കിസ്ഥാനിൽ പരസ്യ പ്രചാരണം അവസാനിച്ചു. ഇമ്രാൻ ഖാനെ മത്സര രംഗത്തുനിന്ന് അകറ്റാൻ കഴിഞ്ഞതിനാൽ നിഷ്പ്രയാസം ജയിച്ചുകയറാം എന്ന പ്രതീക്ഷയിലാണ് നവാസ് ശരീഫ്. പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. 12.7 കോടി വോട്ടർമാർ ആണ് പട്ടികയിൽ.
പരസ്യപ്രചാരണം ഇന്നലെ അർധരാത്രി അവസാനിച്ചു. ഇന്നും നാളെയും നിശബ്ദ ദിനങ്ങൾ ആണ്. പാക്കിസ്ഥാനിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവായ ഇമ്രാൻ ഖാൻ അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആണ്. അദ്ദേഹത്തിന്റെ പാർട്ടി ആയ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫിന് സ്വന്തം ചിഹ്നമായ ക്രിക്കറ്റ് ബാറ്റിൽ മത്സരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചിരിക്കുകയാണ്.
ഇമ്രാനെ മത്സരചിത്രത്തിൽ നിന്ന് പുറത്താക്കാനുള്ള പാക്കിസ്ഥാൻ സൈന്യത്തിന്റെ തന്ത്രം വിജയിച്ചതോടെ നവാസ് ശരീഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. നീണ്ടകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തി പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് പാർട്ടിയുടെ ന്മേതൃത്വം ഏറ്റെടുത്ത നവാസ് ശരീഫ് മുൻപ് മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രി ആയിട്ടുണ്ട്.