ടൊറൻ്റോ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും വെള്ളിയാഴ്ച ജിടിഎയിൽ ഫെഡറൽ ഗവൺമെൻ്റും പ്രവിശ്യയും തമ്മിലുള്ള പുതിയ ആരോഗ്യ സംരക്ഷണ കരാറിൽ ഒപ്പുവെക്കും.

ഒൻ്റാരിയോയിലെ ആരോഗ്യ സംരക്ഷണത്തിനായി പണം നൽകുന്നതിന് രണ്ട് സർക്കാരുകളും തത്വത്തിൽ 10 വർഷത്തെ കരാറിലെത്തിയതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പ്രഖ്യാപനം.
പ്രവിശ്യയുമായുള്ള കരാറിൽ പുതുതായി 8.4 ബില്യൺ ഡോളറും 776 മില്യൺ ഡോളറിൻ്റെ ഒറ്റത്തവണ ടോപ്പ് അപ്പ് പീഡിയാട്രിക് ആശുപത്രികളിലും, എമർജൻസി റൂമുകളിലും ഉൾപ്പെടുന്നുവെന്നും ഫെഡറൽ സർക്കാർ പറഞ്ഞു.
പുതിയ കരാറിൻ്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ കരാർ പ്രവിശ്യയ്ക്ക് ഒരു നല്ല “ഡൗൺ പേയ്‌മെൻ്റ്” ആണെന്ന് ഫോർഡ് മുമ്പ് പറഞ്ഞിരുന്നു.
അടുത്തിടെ ഒൻ്റാരിയോയിലെ ഒരു യൂണിയൻ ആശുപത്രികളിൽ സ്റ്റാഫിംഗ് പ്രതിസന്ധി ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഈ പ്രതിസന്ധിക്കിടയിൽ പോരാടുന്ന ആശുപത്രി തൊഴിലാളികൾക്ക് ഈ ധനസഹായ പ്രഖ്യാപനം ഒരു നല്ല വാർത്തയാണ്.
CUPE യുടെ ഒൻ്റാരിയോ കൗൺസിൽ ഓഫ് ഹോസ്പിറ്റൽ യൂണിയൻസ് കഴിഞ്ഞ മാസം പ്രവിശ്യയിലെ അഞ്ചിൽ രണ്ട് തൊഴിലാളികൾ ജോലി ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി ഒരു സർവേ കാണിക്കുന്നതായി പറഞ്ഞിരുന്നു. കൂടാതെ ജീവനക്കാരുടെ കുറവ് കാരണം ജോലിക്ക് പോകാനുള്ള ഭയവും ഉള്ളതായി സർവ്വേ കണ്ടെത്തിയിരുന്നു.
ട്രൂഡോയും ഫോർഡും കിംഗ് സിറ്റിയിൽ വച്ചാണ് കരാർ ഒപ്പിടുക. ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ഹോളണ്ടും ഒൻ്റാരിയോ ആരോഗ്യ മന്ത്രി സിൽവിയ ജോൺസും സന്നിഹിതരായിരിക്കും.