ഓട്ടവ : ഗ്ലോബൽ അഫയേഴ്‌സ് കാനഡയ്‌ക്ക് കൂടുതൽ ധനസഹായം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി മെലനി ജോളി. ഇൻഡോ-പസഫിക്കിലും ലോകത്തെ മറ്റ് പ്രധാന മേഖലകളിലും സ്വാധീനം ചെലുത്തണമെങ്കിൽ കാനഡയ്ക്ക് കൂടുതൽ നയതന്ത്രജ്ഞരെ ആവശ്യമുണ്ട് എന്നു ജോളി വ്യക്തമാക്കി. ബുധനാഴ്ച ഹൗസ് ഓഫ് കോമൺസ് വിദേശകാര്യ സമിതിയുടെ യോഗത്തിലാണ് ജോളി ആവശ്യം ഉന്നയിച്ചത്.

മിക്ക ഡിപ്പാർട്ട്‌മെൻ്റുകളിലും ഗവണ്മെന്റ് അനുവദിക്കുന്ന ധനസഹായം 3 % വെട്ടിക്കുറച്ച് അഞ്ച് വർഷത്തിനിടെ 7.1 ബില്യൺ ഡോളർ ചെലവ് ചുരുക്കാനുള്ള ഗവൺമെൻ്റിൻ്റെ പദ്ധതിക്കിടെയാണ് നിക്ഷേപത്തിൻ്റെ ആവശ്യവുമായി ജോളി രംഗത്ത് എത്തിയത്. വിവര സാങ്കേതിക വിദ്യയിലും കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് ജോളി പറഞ്ഞു.
വർധിച്ചു വരുന്ന സങ്കീർണ്ണമായ ലോകത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ അമേരിക്കയും ഫ്രാൻസും പോലെയുള്ള വികസിത രാജ്യങ്ങളും മറ്റ് വികസ്വര രാജ്യങ്ങളും അതിവേഗം അണിനിരക്കുകയാണ്. അതിനനുസരിച്ച് കാനഡയുടെ വിവര സാങ്കേതിക വിദ്യയിലുള്ള രീതിയിലും മാറ്റം ആവശ്യമാണെന്ന് മെലനി ജോളി പറഞ്ഞു.
