ദുബായ്: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ മുന്നോടിയായി ദുബായിലെ ‘റമദാൻ സൂഖ്’ നാളെ തുറക്കും. ദുബായിലെ ചരിത്ര പ്രസിദ്ധമായ ദെയ്റ ഓൾഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റിലാണ് റമദാൻ സൂഖ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 17ന് ആരംഭിക്കുന്ന റമദാൻ സൂഖ് മാർച്ച് ഒമ്പത് വരെയാണ് പ്രവർത്തിക്കുക. രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെയാണ് പ്രവർത്തന സമയം. റമദാന് തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ എല്ലാ തരം സാധനങ്ങളും ഇവിടെ നിന്ന് ലഭിക്കും.

റമദാൻ മാസത്തിലേക്ക് ആവശ്യമായ വിവിധ വസ്തുക്കൾ, ഗാഡ്ജെറ്റുകളും ലഭിക്കുന്ന മിനി മാർക്കറ്റുകൾ റമദാൻ സൂഖിലുണ്ടാകും. കൂടാതെ ‘ഹഗ് അൽ ലൈല’ ആഘോഷിക്കുന്നതിനുള്ള പ്രത്യേക ഉൽപ്പന്നങ്ങളും സൂഖിൽ ലഭിക്കും. വ്യാപാര – വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണ പ്രദർശനങ്ങൾ, വ്യക്തിഗതവും ഗാർഹികവുമായ അവശ്യവസ്തുക്കൾ എന്നിവ മിതമായ നിരക്കിൽ ഇവിടെ നിന്ന് ലഭിക്കും. അതുകൊണ്ട് തന്നെ റമദാൻ സൂഖ് ജനശ്രദ്ധേയമാണ്. സ്വദേശികൾ, വിദേശികൾ, വിനോദസഞ്ചാരികൾ തുടങ്ങിയവരെല്ലാം റമദാൻ സൂഖിലെത്താറുണ്ട്.
‘വിനോദസഞ്ചാരത്തെയും വാണിജ്യ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിന് മാത്രമല്ല, പരമ്പരാഗത വിപണികൾ പ്രദർശിപ്പിക്കുന്നതിനും അനുഗ്രഹീതമായ റമദാൻ മാസത്തിനായുള്ള തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട പുരാതന ആചാരങ്ങളുടെ പൈതൃകവും ആധികാരികതയും സംരക്ഷിക്കുന്നതിനുമാണ് ‘റമദാൻ സൂഖ്’ വർഷം തോറും സംഘടിപ്പിക്കുന്നത്’, ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞു.