റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതോടെ വാരാന്ത്യ അവധികള്‍ ഉൾപ്പെടെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ഫെബ്രുവരി 25 ഞായറാഴ്ച എല്ലാ മേഖലകളും പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും.

1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമദിനമായാണ് എല്ലാവർഷവും ഈ ദിനം ആചരിക്കുന്നത്. ഫെബ്രുവരി 22ന് രാജ്യം ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. സൈനിക പരേഡുകൾ, ആർട്ട് എക്സിബിഷനുകൾ, കമ്മ്യൂണിറ്റി മത്സരങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ സംസ്കാരവും ചരിത്രവും പ്രദർശിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് ദിനം ആഘോഷിക്കുന്നത്. കായിക, സംഗീത പരിപാടികൾ ആഘോഷങ്ങൾക്ക് കൂടുതൽ ഭംഗി നൽകും.