മോസ്കോ : തന്റെ ഭര്‍ത്താവിനെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്‍ കൊന്നതാണെന്നും റഷ്യൻ ഭരണനേതൃത്വത്തിനെതിരായ പോരാട്ടം തുടരുമെന്നും റഷ്യൻ പ്രതിപക്ഷ നേതാവായിരുന്ന അലക്സി നവാൽനിയുടെ ഭാര്യ യൂലിയ നവാൽനി. ബ്രസൽസിൽ തിങ്കളാഴ്ച യൂറോപ്യൻ യൂണിയൻ വിദേശമന്ത്രിമാരെ സന്ദർശിച്ച യൂലിയ, നവാൽനിയുടെ പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു.

നവാൽനിയുടെ മരണത്തിൽ റഷ്യൻ സർക്കാരിനുനേരെ വിരൽചൂണ്ടുകയാണ് ലോകനേതാക്കൾ. യൂറോപ്യൻ യൂണിയൻ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കുകയാണ്. റഷ്യയിൽ നവാൽനിയുടെ മരണത്തിൽ അനുശോചിച്ച നാനൂറോളം പേർ അറസ്റ്റിലായതായും റിപ്പോർട്ടുണ്ട്. നവാൽനിയെ കൊന്നതാണെന്നതിന്റെ തെളിവുകൾ ഇല്ലാതാക്കാനാണ് മൃതദേഹം വിട്ടുകൊടുക്കുന്നത് വൈകിക്കുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മരണകാരണം അന്വേഷിക്കുകയാണെന്നും അത് പൂർത്തിയാകാതെ മൃതദേഹം വിട്ടുനൽകാനാകില്ലെന്നുമാണ് അധികൃതരുടെ വാദം. വെള്ളിയാഴ്ചയാണ് പുടിന്റെ കടുത്ത വിമർശകനായ നവാൽനി ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മൃതദേഹം ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടില്ല.