Thursday, October 16, 2025

എട്ട് രാജ്യക്കാര്‍ക്കുള്ള വീസ നിരോധനം തുടരുമെന്ന് കുവൈത്ത്; നിലവിലുള്ളവര്‍ക്ക് വീസ പുതുക്കാം

കുവൈത്ത് സിറ്റി : എട്ട് രാജ്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വീസ നിരോധനത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികളുടെ അടുത്ത ബന്ധുക്കള്‍ക്ക് വിസിറ്റ് വീസ നല്‍കുന്നത് ഈ മാസം ഒന്നുമുതല്‍ പുനരാരംഭിച്ചെങ്കിലും എട്ട് രാജ്യക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ മുന്‍ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉന്നതതല സുരക്ഷാ അനുമതിയില്ലാതെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ലെബനാന്‍, സിറിയ, യെമന്‍, സുഡാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.

തങ്ങളുടെ പൗരന്മാരെ മറ്റുള്ളവരെപ്പോലെ കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ഈ രാജ്യങ്ങള്‍ ഔദ്യോഗികമായി അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് ബന്ധപ്പെട്ട സുരക്ഷാവൃത്തങ്ങള്‍ സൂചിപ്പിച്ചു. വീസ നിയന്ത്രണ തീരുമാനം സമയാസമയങ്ങളില്‍ അവലോകനം ചെയ്യാറുണ്ട്. എന്നാല്‍ മാറ്റംവരുത്തേണ്ട പുതിയ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.

പ്രവേശന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് എട്ട് രാജ്യങ്ങളും അഭ്യര്‍ഥിച്ചിരുന്നു. ഈ രാജ്യങ്ങളുടെ കുവൈത്തിലെ എംബസികള്‍ അവരുടെ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന കുവൈത്തിന് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. എന്നാല്‍, ഈ വിഷയവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ കുവൈത്ത് നിരസിച്ചു. നിരോധന തീരുമാനത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയ കുവൈത്ത് നിയന്ത്രണങ്ങൾ നീക്കാന്‍ സഹായിക്കുന്ന പുതിയ സംഭവവികാസങ്ങള്‍ ഈ രാജ്യങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ പൗരന്മാരുടെ പ്രവേശനം സുഗമമാക്കുന്നതിന് കുവൈത്തുമായി ലേബര്‍, സെക്യൂരിറ്റി മെമ്മോറാണ്ടം ഒപ്പുവയ്ക്കാമെന്ന് ചില രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമല്ല ഇതെന്ന് കുവൈത്ത് വിശദീകരിക്കുന്നു. രാജ്യങ്ങളിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം തീര്‍ത്തും സുരക്ഷാ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ് തീരുമാനം. ഈ രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം തുടരുന്നതോടൊപ്പം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുകഴിഞ്ഞാല്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ആഭ്യന്തര അസ്വസ്ഥതകള്‍ നേരിടുന്ന മിക്ക രാജ്യങ്ങളിലും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറവിടങ്ങള്‍ വിശദീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!