2,800 കോടി പവര്‍ബോള്‍ ജാക്ക്പോട്ട് നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് അമേരിക്കന്‍ ലോട്ടറി ഗെയിം കമ്പനിയായ പവര്‍ബോളിനും ഡിസി ലോട്ടറിക്കുമെതിരെ നിയനടപടിയുമായി വാഷിങ്ടണ്‍ ഡിസി സ്വദേശിയായ ജോണ്‍ ചീക്സ്. ലോട്ടറിയുടെ വെബ് സൈറ്റില്‍ ചേര്‍ത്ത നമ്പറുകളും ജോണ്‍ ചീക്‌സിന്റെ ലോട്ടറിയിലെ നമ്പറുകളും ഒന്നായിരുന്നു. ഇതനുസരിച്ചാണെങ്കില്‍ 2,800 കോടിയിലധികം രൂപയുടെ ജാക്ക്‌പോട് ജോണ്‍ ചീക്സിനാണ് അടിച്ചിരിക്കുന്നത്. എന്നാല്‍ വെബ്‌സൈറ്റില്‍ കൊടുത്ത നമ്പരില്‍ പിഴവ് പറ്റിയതാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

2023 ജനുവരി 7-ന് പവര്‍ബോളിന്റെ തത്സമയ നറുക്കെടുപ്പിൽ തനിക്ക് ലഭിക്കേണ്ട തുക നഷ്ടമായെന്നും കമ്പനി ചതിച്ചെന്നും കാട്ടി കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ജോണ്‍ ചീക്‌സ്. മള്‍ട്ടി-സ്റ്റേറ്റ് ലോട്ടറി അസോസിയേഷനെയും ഗെയിം കോണ്‍ട്രാക്ടര്‍ ടാവോട്ടി എന്റര്‍പ്രൈസസിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കരാര്‍ ലംഘനം, അശ്രദ്ധ, വൈകാരിമായ വേദന ഉണ്ടാക്കല്‍, വഞ്ചന എന്നിവയുള്‍പ്പെടെ എട്ട് കേസുകളാണ് ജോണ്‍ കമ്പനിക്കെതിരെ കൊടുത്തിരിക്കുന്നത്. ഫെബ്രുവരി 23നാണ് കേസില്‍ വാദം കേള്‍ക്കുക.
കഴിഞ്ഞ വര്‍ഷം ജനുവരി 6 നാണ് ജോണ്‍ ചീക്‌സ് പവര്‍ബോള്‍ ടിക്കറ്റ് എടുത്തത്. ലോട്ടറി നറുക്കെടുപ്പ് തത്സമയ സംപ്രേക്ഷണം കണ്ടില്ലെങ്കിലും രണ്ട് ദിവസത്തിന് ശേഷം ഡിസി ലോട്ടറിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നമ്പര്‍ ജോണ്‍ ചീക്‌സ് കണ്ടിരുന്നു. ഇത് തന്റെ ലോട്ടറി നമ്പറുമായി ചേരുന്നതാണെന്ന് ജോണ്‍ ചീക്‌സ് നല്‍കിയ പരാതിയില്‍ പറയുന്നു. തനിക്ക് ലോട്ടറി അടിച്ചെന്ന് കരുതി സുഹൃത്ത് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം ഫോട്ടോ എടുത്തുവെക്കുകയും ചെയ്തു. മൂന്ന് ദിവസം ഈ നമ്പര്‍ കമ്പനി വെബ്സൈറ്റില്‍ കാണിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തത്സമയ നറുക്കെടുപ്പില്‍ ഈ നമ്പര്‍ ഇതായിരുന്നില്ലെന്നും വെബ്‌സൈറ്റില്‍ നല്‍കിയ നമ്പരില്‍ തെറ്റുപറ്റിയതാണെന്നുമാണ് പവര്‍ബോളും ഡിസി ലോട്ടറിയും അറിയിച്ചത് .ലൈസന്‍സുള്ള ഒരു റീട്ടെയിലറില്‍ നിന്ന് ജനുവരി 10-ന് ടിക്കറ്റ് കൈമാറാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് ലോട്ടറി അടിച്ചിട്ടില്ലെന്ന് ജോണ്‍ ചീക്സ് മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പറും തത്സമയ നറുക്കെടുപ്പിലെ നമ്പറും ഒന്നല്ലെന്ന് അറിയിക്കുകയായിരുന്നു.