ഇന്ന് ലോക മാതൃഭാഷാ ദിനം. ലോക ജനത അവരവരുടെ മാതൃഭാഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ഒരു ദിനം. ആശയവിനിമയത്തിനപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്കാരം കൂടിയാണ് ഭാഷ. മനുഷ്യനു പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം ഭാഷയും. ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളുണ്ടാകും. ഇത്തരം സവിശേഷതകളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചത്. ബഹുഭാഷാ വിദ്യാഭ്യാസം- വിദ്യാഭ്യാസമേഖലയിലെ മാറ്റത്തിനൊരു അനിവാര്യ ഘടകം’ എന്നാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം.

അന്താരാഷ്ട്ര മാതൃഭാഷാ ദിനാചരണത്തിനായി മുന്‍കൈയെടുത്ത രാജ്യം ബംഗ്ലാദേശായിരുന്നു. 1999ല്‍ യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് (യുനെസ്കോ) ജനറല്‍ കോണ്‍ഫറന്‍സിലാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. യുനെസ്കോയുടെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച്, 2000ലാണ് ലോകമെമ്പാടും ആദ്യ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചത്.
ഭാഷകള്‍ മണ്മറഞ്ഞ് പോകുന്നതില്‍ യുനെസ്കോ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഗോളതലത്തില്‍, ജനസംഖ്യയുടെ 40 ശതമാനം പേര്‍ക്ക് അവര്‍ സംസാരിക്കുന്നതോ മനസ്സിലാക്കുന്നതോ ആയ ഭാഷയില്‍ വിദ്യാഭ്യാസം ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ പഠനത്തിലും വിദ്യാഭ്യാസത്തിലും, പൊതുജീവിതത്തിലും മാതൃഭാഷയുടെ വികസനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി ഈ ദിവസം ആചരിക്കാന്‍ യുനെസ്കോ തീരുമാനിക്കുകയായിരുന്നു.
സെന്‍സസ് ഡാറ്റ പ്രകാരം, ഇന്ത്യയില്‍ 19,500-ലധികം ഭാഷകളുണ്ട്. ഇന്ത്യയില്‍ 10,000-ത്തിലധികം ആളുകള്‍ സംസാരിക്കുന്ന 121-ലധികം ഭാഷകളുണ്ട്, ഇത് ദേശീയ തലത്തില്‍ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍, ബഹുഭാഷാവാദത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ലോകത്തെ വിവിധ മാതൃഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിക്കുന്നത്. ഭാഷ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശവും ഇതോടൊപ്പമുണ്ട്.
