ഒന്റാരിയോ: ഹാമിൽട്ടൺ, വാട്ടർലൂ വിമാനത്താവളങ്ങളിൽ നിന്ന് ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് ആഡംബര ഷട്ടിൽ സർവീസ്പ്രഖ്യാപിച്ച് എയർ കാനഡ. ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് മൾട്ടിമോഡൽ സേവനത്തെകുറിച്ച് എയർ കാനഡ വ്യക്തമാക്കിയത്.
പദ്ധതിയുടെ ആദ്യഘട്ടം ജോൺ സി മൺറോ ഹാമിൽട്ടൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും വാട്ടർലൂ ഇൻ്റർനാഷണൽ എയർപോർട്ട് റീജനിൽ നിന്നും മെയ് മാസം ആരംഭിക്കുമെന്നും ബുക്കിംഗ് സേവനങ്ങൾ ആരംഭിച്ചതായും എയർ കാനഡ അറിയിച്ചു.

യു എസിലെ കൊളറാഡോ ആസ്ഥാനമായുള്ള ലാൻഡ്‌ലൈനുമായി സഹകരിച്ചാണ് എയർ കാനഡ ഷട്ടിൽ സർവീസ് നടത്തുന്നത്. ആയിരകണക്കിന് യാത്രക്കാർക്ക് ബസ് സർവീസ് പ്രയോജനപ്പെടുമെന്ന് എയർ കാനഡ പറഞ്ഞു.
സൗജന്യ വൈഫൈ, ഭക്ഷണം എന്നിവയും ബസുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ക്യാരി-ഓൺ ബാഗേജിനുള്ള സ്റ്റോറേജ്, വാഷ്റൂം സൗകര്യം എന്നിവയും ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായി എയർ കാനഡ അറിയിച്ചു.