ലണ്ടൻ ഒൻ്റാരിയോയിൽ മുസ്ലീം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് അഞ്ചു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജസ്റ്റിസ് റെനി പോമറൻസ് ആണ് വിധി പ്രഖ്യാപിച്ചത്.

2021 ജൂൺ 6 ന് നടക്കാൻ പോയ അഫ്‌സലിന്റെ കുടുംബത്തെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 23 വയസുള്ള നഥാനിയൽ വെൽറ്റ്‌മാൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ നവംബറിൽ കോടതി കണ്ടെത്തിയിരുന്നു. 46 വയസുള്ള സൽമാൻ അഫ്‌സാൽ, 44 വയസ്സുള്ള ഭാര്യ മദിഹ സൽമാൻ, അവരുടെ 15 വയസ്സുള്ള മകൾ യുംന, 74 വയസ്സുള്ള മുത്തശ്ശി തലത് അഫ്‌സാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ ഒമ്പത് വയസ്സുള്ള മകൻ ഗുരുതരമായി പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു.
ഈ കൊലപാതകം തീവ്രവാദ പ്രവർത്തനമാണെന്ന് ഒൻ്റാരിയോ ജഡ്ജി പറഞ്ഞിരുന്നു. ഇത് ആദ്യമായിട്ടാണ് കാനഡയിലെ തീവ്രവാദ നിയമങ്ങൾ ഫസ്റ്റ്-ഡിഗ്രി കൊലപാതക വിചാരണയിൽ ജൂറിക്ക് മുമ്പാകെ എത്തുന്നത്. മുസ്ലീങ്ങൾക്കെതിരായ വംശീയ അതിക്രമമായി കേസിനെ പരിഗണിക്കണമെന്നായിരുന്നു വാദിഭാഗത്തിന്റെ ആവശ്യം.