ടൊറൻ്റോ : നോർത്ത് എൻഡിൽ നടന്ന വാഹനമോഷണവുമായി ബന്ധപ്പെട്ട് പതിനാല് വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 20ന് വൈകീട്ട് മൂന്നുമണിയോടെ ബേവ്യൂ അവന്യൂവിനും ഷെപ്പേർഡ് അവന്യൂ ഈസ്റ്റ് മേഖലയ്ക്കും സമീപമായിരുന്നു മോഷണം നടന്നത്.

അഞ്ചു പേർ അടങ്ങിയ സംഘം ഒരു യുവതിയുടെ കാറിന്റെ അടുത്തേക്ക് വരികയും അറസ്റ്റിലായ പതിനാലു വയസുകാരൻ യുവതിയെ കാറിൽ നിന്നും പുറത്താക്കി വാഹനവുമായി രക്ഷപെടുകയായിരുന്നു. കാറിൽ ജിപിഎസ് ട്രാക്കിംഗ് ഘടിപ്പിച്ചിരുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വാഹനം പെട്ടന്ന് തന്നെ കണ്ടെത്താൻ സാധിച്ചു.
പ്രതിക്കെതിരെ കവർച്ച, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-7350 എന്ന നമ്പറിലോ www.222tips.com വെബ്സൈറ്റ് വഴി ഓൺലൈനായോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.
