മിസ്സിസാഗ : നഗരത്തിലെ അഭയ കേന്ദ്രത്തിൽ പ്രവേശനം ലഭിക്കാൻ വൈകിയതിനെത്തുടർന്ന് കെനിയൻ സ്വദേശിനി മരിച്ച സംഭവത്തിൽ അഭയാർത്ഥികൾക്ക് പിന്തുണയുമായി കൂടുതൽ ആഫ്രിക്കൻ കനേഡിയൻ ഗ്രൂപ്പുകൾ രംഗത്ത്.

അഭയാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഭവന സബ്സിഡി, ദുർബലരായ കമ്മ്യൂണിറ്റികൾക്കുള്ള ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് കൂടുതൽ ധനസഹായം അനുവദിക്കണമെന്ന് റീജൻ ഓഫ് പീൽ വക്താവ് അഭ്യർത്ഥിച്ചു. ഷെൽട്ടർ സിസ്റ്റത്തിലെ 80% ആളുകളും അഭയം തേടുന്നവരാണെന്നും, കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംഭവം. മിസ്സിസാഗയിലെ ഡണ്ടാസ് സ്ട്രീറ്റ് ഈസ്റ്റിൽ 1767 ഡണ്ടാസ് സെൻ്റ് ഇയിലെ അഭയകേന്ദ്രത്തിലെത്തിയ കെനിയൻ സ്വദേശിനിയായ അഭയാർത്ഥിക്ക് ആറുമണിക്കൂറോളം കൊടുംതണുപ്പിൽ കാത്തുനിൽക്കേണ്ടി വന്നതായി റുവാണ്ടൻ-കനേഡിയൻ ഹീലിംഗ് സെൻ്ററിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കിസിറ്റോ മുസാബിമാന പറയുന്നു. ഒരു രാത്രി മുഴുവനും അഭയ കേന്ദ്രത്തിന്റെ ലോബിയിൽ കാത്തു നിൽക്കേണ്ടി വന്ന സ്ത്രീ ഞായറാഴ്ച വൈകുന്നേരം നാലരയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊടുംതണുപ്പിനെ തുടര്ന്ന് ഹൈപ്പോതെർമിയ മൂലം മരണപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് മാസം മുമ്പ് നൈജീരിയയിൽ നിന്നുള്ള മറ്റൊരു അഭയാർത്ഥി ഇതേ അഭയകേന്ദ്രത്തിന് സമീപം മരിച്ചിരുന്നു.
