ടൊറൻ്റോ : കഴിഞ്ഞ വാരാന്ത്യത്തിൽ ഹാമിൽട്ടണിൽ ഉണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് സ്റ്റോൺ ക്രീക്ക് മേഖലയിലെ വാലി പാർക്കിൽ പൊലീസ് തിരച്ചിൽ നടത്തി. വെടിവെപ്പിൽ ഘാന സ്വദേശിയായ അഡു ബോക്യെ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ പതിനാറു വയസുള്ള മകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇരുവരും നഗരത്തിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. അജ്ഞാതനായ ഒരാൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട അഡു ബോക്യെ അടുത്തിടെയാണ് കാനഡയിലേക്ക് താമസം മാറിയത്.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 18 നും 25 നും ഇടയിൽ പ്രായമുള്ള, മെലിഞ്ഞ ശരീരമുള്ളയാളാണ് പ്രതി. കറുത്ത കോട്ട്, വെളുത്ത ഹൂഡി, കറുത്ത പാൻ്റ്‌സ്, കറുത്ത ഷൂസ് എന്നിവ ധരിച്ചാണ് പ്രതിയെ അവസാനമായി കണ്ടത്.
