ഇന്ത്യയിലെ വിവിധ നൃത്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കി എയര്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ സുരക്ഷാ വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍സ് സെറ്റര്‍. ‘സേഫ്റ്റി മുദ്ര’ എന്ന പുതിയ ഇന്‍ഫ്ളൈറ്റ് സുരക്ഷാ വീഡിയോയില്‍ സീറ്റ് ബെല്‍റ്റ് ഇടുന്നത് മുതല്‍ വിമാനത്തിനുള്ളില്‍ പാലിക്കേണ്ട നിബന്ധനകള്‍ പറയുന്നത് കഥകളി മുതല്‍ കഥക്കിലൂടെയാണ്.
ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നൃത്ത കലാരൂപങ്ങളെയും വീഡിയോയില്‍ കാണാം. വിമാനത്തിനുള്ളില്‍ പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ നിര്‍ദ്ദേശങ്ങള്‍ നൃത്തത്തിലൂടെ വിവരിക്കുന്നതാണ് വീഡിയോ. ഭരതനാട്യം, ഒഡീസി, കഥകളി, മോഹിനിയാട്ടം, കഥക്, ഘൂമര്‍, ബിഹു, ഗിദ്ദ എന്നീ എട്ട് വൈവിധ്യമാര്‍ന്ന നൃത്ത രൂപങ്ങളിലൂടെയാണ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ വിവരിക്കുന്നത്.

ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യവുമായ നൃത്ത പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരത്തില്‍ ഒരു വീഡിയോ ഒരുക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ശങ്കര്‍ മഹാദേവനാണ് വീഡിയോയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വരച്ചുകാണിക്കാനാണ് വീഡിയോ തയ്യാറാക്കിയതെന്ന് എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
അത്യാധുനിക ഇന്‍ഫ്ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളോടെ സജ്ജീകരിച്ച എയര്‍ ഇന്ത്യ അടുത്തിടെ അവതരിപ്പിച്ച എ350 വിമാനത്തിലാണ് സുരക്ഷാ വീഡിയോ തുടക്കത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുക. എയര്‍ ഇന്ത്യയുടെ മറ്റ് വിമാനങ്ങളിലേക്കും ഇത് ക്രമേണ വിന്യസിക്കും.