Wednesday, October 15, 2025

ദുബായിൽ റംസാൻ മാർക്കറ്റുകൾ സജീവമാകുന്നു

ദുബായ് : പുണ്യമാസത്തെ വരവേൽക്കാനാവശ്യമായ വിവിധ വസ്തുക്കളുടെ അതിവിപുലമായ ശേഖരവുമായി ദുബായിൽ റംസാൻ മാർക്കറ്റുകൾ സജീവമാകുന്നു. ഷോപ്പിങ്ങിന് പുറമേ വിനോദ പരിപാടികളും രുചി വൈവിധ്യങ്ങളും സൂഖുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രായഭേദമന്യേ എല്ലാവർക്കും അനുയോജ്യമായ ഒട്ടേറെ പരിപാടികളാണ് ഇവിടെയുള്ളത്. റംസാൻ തയ്യാറെടുപ്പുകൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ഇവിടെ ലഭിക്കുമെന്നതാണ് സവിശേഷത. പൗരന്മാർ, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ ഒട്ടേറെ പേരാണ് വർഷം തോറും വിവിധ സൂഖുകളിലേക്കെത്തുന്നത്.

ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രശസ്തവും പുരാതനവുമായ ‘റംസാൻ സൂഖ്’ സന്ദർശകരുടെ ശ്രദ്ധാ കേന്ദ്രമാണ്. ദേരയിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റിലാണ് പഴയ ഇമിറാത്തി വിപണികളുടെ പുനരാവിഷ്കാരമായ സൂഖ് പ്രവർത്തിക്കുന്നത്. എമിറേറ്റിലെ പൈതൃക സ്ഥലങ്ങൾക്കും പഴയ വിപണികൾക്കും മുനിസിപ്പാലിറ്റി വലിയ പ്രാധാന്യമാണ് നൽകി വരുന്നത്.

പുരാവസ്തുക്കൾ, വസ്ത്രം, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, ഭക്ഷണശാലകൾ, കൈനിറയെ സമ്മാനങ്ങൾ എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. അടുത്ത മാസം മൂന്നുവരെ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ സൂഖ് പ്രവർത്തിക്കും.

ചെറുകിട വ്യവസായികളെ പിന്തുണയ്ക്കാൻ ആരംഭിച്ച ‘ഹത്ത സൂഖിൽ’ പ്രാദേശിക കാർഷിക, വാണിജ്യ, ഗാർഹിക ഉത്പന്നങ്ങളുടെ വമ്പിച്ച ശേഖരമാണുള്ളത്. ഹത്തയിലേക്ക് കൂടുതൽ സഞ്ചാരികളെയെത്തിക്കാനും സൂഖ് ലക്ഷ്യമിടുന്നുണ്ട്. മേഖലയുടെ ആകർഷകത്വം വർധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സൂഖ് തുറന്നത്.

പ്രദർശനങ്ങൾക്ക് പുറമേ കുട്ടികൾക്കായി ശില്പശാലകളും വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുമുണ്ട്. അടുത്ത മാസം മൂന്നുവരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി 10 വരെ സൂഖ് പ്രവർത്തിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!