റിയാദ്: സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് (പിഐഎഫ്) കീഴില്‍ ആരംഭിക്കുന്ന രാജ്യത്തെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍ 2025 പകുതിയോടെ സര്‍വീസ് ആരംഭിക്കും. വിഷന്‍ 2030 പൂര്‍ത്തിയാവുമ്പോഴേക്കും വര്‍ഷത്തില്‍ 33 കോടി യാത്രക്കാര്‍ക്ക് ആകാശയാത്ര ഒരുക്കാനും 10 കോടി സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് പിഐഎഫ് റിയാദ് എയറിന് വേണ്ടി നിക്ഷേപം നടത്തുന്നത്.

2025 ആദ്യപകുതിയില്‍ വാണിജ്യ സര്‍വീസ് ആരംഭിക്കാനാവുമെന്ന് റിയാദ് എയര്‍ ഓപറേഷന്‍സ് സിഇഒ പീറ്റര്‍ ബെല്യൂ വ്യക്തമാക്കി. സിംഗപ്പൂര്‍ എയര്‍ഷോയോടനുബന്ധിച്ച് നടന്ന പ്രദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നവംബര്‍ 13 മുതല്‍ 17 വരെ നടന്ന ദുബായ് എയര്‍ ഷോയില്‍ റിയാദ് എയര്‍ വിമാനങ്ങളുടെ ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
കൂടുതല്‍ ചെറുവിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് റിയാദ് എയര്‍ നേരത്തേ അറിയിച്ചിരുന്നു. നാരോ ബോഡി വിമാനങ്ങള്‍ ലഭിക്കുന്നതിനുള്ള കരാര്‍ വൈകാതെ നല്‍കുമെന്നും എന്നാല്‍ ഇതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും പീറ്റര്‍ ബെല്യൂ പറഞ്ഞു. റയാന് എയറില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 2023 മാര്‍ച്ചിലാണ് റിയാദ് എയറില്‍ സിഇഒ ആയി സ്ഥാനമേറ്റത്.