അബുദാബി: 1990 മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജനന നിരക്കില്‍ കാരമായ മാറ്റം സംഭവിച്ചതായി പഠന റിപോര്‍ട്ട്. വൈകിയുള്ള ഗര്‍ഭധാരണം പല തരത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനൊപ്പം ജനനനിരക്ക് കുറയുന്നതിനും കാരണമാകുന്നതായി റിപ്രൊഡക്റ്റീവ് ഹെല്‍ത്ത് ജേണല്‍ ചൂണ്ടിക്കാട്ടി.

മാറിവരുന്ന ജീവിത സാഹചര്യങ്ങളാല്‍ യുഎഇയില്‍ 25% ദമ്പതികളും കുട്ടികളുണ്ടാകുന്നത് വൈകിപ്പിക്കുകയാണ്. ഇത് തിരിച്ചടിയാകുമെന്നും റിപോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു. എല്ലാ കുടുംബത്തിലും ധാരാളം കുട്ടികള്‍ ഉണ്ടാവുന്നതാണ് രാജ്യത്തെ പരമ്പരാഗത രീതിയെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ സമീപനത്തില്‍ മാറ്റംവന്നിട്ടുണ്ട്. സാമൂഹിക വ്യതിയാനങ്ങള്‍, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, മാറിയ ജീവിതശൈലി മുന്‍ഗണനകള്‍ എന്നിവ മൂലം നാലിലൊന്ന് ദമ്പതികളും പ്രസവം വൈകിപ്പിക്കുകയാണ്.
ആദ്യമായി അമ്മമാരാകുന്നവരുടെ ശരാശരി പ്രായം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റിപോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ഇത് യുഎഇയില്‍ പ്രകടമാണ്. 2010-ല്‍ അമ്മമാരുടെ ശരാശരി പ്രായം 26 വയസ്സായിരുന്നുവെങ്കില്‍ 2020ല്‍ 30 വയസ്സായി ഉയര്‍ന്നു. പ്രവാസി ജനസംഖ്യയില്‍ യുഎഇയുടെ മൊത്തം ജനന നിരക്ക് ഗണ്യമായി കുറഞ്ഞതായും പഠനത്തിലുണ്ട്. 1990ല്‍ ഒരു സ്ത്രീക്ക് ശരാശരി 4.5 കുട്ടികളുണ്ടായെങ്കില്‍ 2019 ൽ അത് 1.4 ആയി കുറഞ്ഞു.