ടെക്സസ് : ടെക്‌സസിലെ ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതിക്കർഹനായി ഇന്ത്യൻ വംശജനായ എഞ്ചിനീയർ. കമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസറുമായ അശോക് വീരരാഘവനാണ് എൻജിനീയറിങ്ങിലെ എഡിത്ത് ആൻഡ് പീറ്റർ ഒ’ഡൊണൽ അവാർഡിന് അർഹനായത്. ചെന്നൈ സ്വദേശിയാണ് അശോക് വീരരാഘവൻ.

റൈസ് യൂണിവേഴ്സിറ്റി, ജോർജ്ജ് ആർ ബ്രൗൺ സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിങ് പ്രൊഫസറായി ജോലി ചെയ്തുവരുകയാണ് അശോക് വീരരാഘവൻ. ഇമേജിങ് സാങ്കേതികതയുമായി ബന്ധപ്പെട്ട വിപ്ലവകരമായ കണ്ടെത്തലുകൾക്കാണ് ബഹുമതി ലഭിച്ചത്. ഈ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും റൈസ് യൂണിവേഴ്സിറ്റി, കമ്പ്യൂട്ടേഷണൽ ഇമേജിങ് ലാബിലെ നിരവധി വിദ്യാർത്ഥികളും ശാസ്ത്രജ്ഞരും കഴിഞ്ഞ ദശകത്തിൽ നടത്തിയ നൂതന ഗവേഷണത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്തെ വളർന്നുവരുന്ന ഗവേഷകർക്ക് ടെക്സസ് അക്കാദമി ഓഫ് മെഡിസിൻ, എഞ്ചിനീയറിങ്, സയൻസ് ആൻഡ് ടെക്നോളജി (TAMEST) ആണ് പുരസ്കാരം സമ്മാനിക്കുന്നത്. വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, ടെക്നോളജി ഇന്നൊവേഷൻ എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടെക്‌സസിലെ ഗവേഷകർക്ക് വർഷംതോറും അവാർഡ് നൽകുന്നു.