ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബന്ദികളുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇസ്രയേൽ മുൻ പ്രധാനമന്ത്രി യഹൂദ് ബാരക്. ’ബന്ദി മോചന കരാർ ഒപ്പിടുന്നതിനേക്കാൾ താൻ ശക്തനാണെന്ന് കാണിക്കലാണ് നെതന്യാഹുവിന് പ്രധാനം’ -ഇസ്രയേലി ആർമി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാരക് പറഞ്ഞു. നെതന്യാഹു സർക്കാറിനെതിരെ വൻ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ബരാക് ഇസ്രയേലികളോട് ആഹ്വാനം ചെയ്തു.

’30,000 പൗരന്മാൻ ഇസ്രയേൽ പാർലമെന്റായ നെസറ്റ് വളയണം. മൂന്നാഴ്ച ടെന്റ് കെട്ടി രാപ്പകൽ സമരം നടത്തണം. രാജ്യം മുഴുവൻ നിശ്ചലമാകുമ്പോൾ നെതന്യാഹു യാഥാർഥ്യം തിരിച്ചറിയും. തൻ്റെ സമയം അവസാനിച്ചെന്നും തന്നിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും മനസ്സിലാകും. നാലിൽ മൂന്ന് പേരും രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ജൂണിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും’ -ബരാക് പറഞ്ഞു.
1973 ഒക്ടോബർ 6ലെ യുദ്ധത്തിന് പിന്നാലെ, അന്നത്തെ പ്രധാനമന്ത്രി ഗോൾഡ മെയർ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച കാര്യം ബരാക് ഓർമിപ്പിച്ചു. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി ഒക്ടോബർ 7ന്റെ ഹമാസ് ഓപറേഷന്റെ ഉത്തരവാദിത്തം നെതന്യാഹു ഏറ്റെടുക്കാതെ സൈന്യത്തിന്റെ തലയിൽ വെച്ചുകെട്ടുകയാണെന്നും ബരാക് പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കണമെന്നും നെതന്യാഹു സർക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച ടെൽഅവീവിൽ വൻ പ്രകടനം നടന്നിരുന്നു. ഇതിൽ പങ്കെടുത്ത 18 പേരെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്തു.
