ഓട്ടവ : കനത്ത മഴ മുതൽ അതിശൈത്യം വരെ പ്രതീക്ഷിക്കുന്നതിനാൽ കാനഡയിലെ 10 പ്രവിശ്യകളിലും രണ്ട് ടെറിട്ടറികളിലും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി എൻവയൺമെന്റ് കാനഡ.
ഒൻ്റാരിയോ – കെബെക്ക്
ഓട്ടവ, മൺട്രിയോൾ എന്നിവയുൾപ്പെടെ ഒൻ്റാരിയോയിലെയും കെബെക്കിലെയും ഭൂരിഭാഗം പ്രദേശങ്ങളിലും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി. താപനില കുറയുന്നതോടെ റോഡുകളിലും നടപ്പാതകളിലും മഞ്ഞുമൂടുകയും യാത്ര ദുഷ്‌കരമാകുമെന്നും കാലാവസ്ഥാ ഏജൻസി മുന്നയിരിപ്പ് നൽകി.
വടക്കൻ ഒൻ്റാരിയോയിലെയും കെബെക്കിലെയും ചില ഭാഗങ്ങളിൽ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും 20 സെൻ്റീമീറ്ററിലധികം മഞ്ഞുവീഴ്ച്ചയും പ്രതീക്ഷിക്കുന്നു. ഒൻ്റാരിയോയിലെ സിംകോ ലേക്കിനും ഹുറോൺ ലേക്കിനും സമീപമുള്ള ചില പ്രദേശങ്ങളിൽ സ്നോ സ്ക്വാൾ വാച്ചുകൾ പ്രാബല്യത്തിൽ ഉണ്ട്.
അറ്റ്ലാൻ്റിക് കാനഡ
ബുധനാഴ്ച അറ്റ്ലാൻ്റിക് കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാൽ മുന്നറിയിപ്പ് നൽകി. ന്യൂബ്രൺസ് വിക്കിലെ ചില പ്രദേശങ്ങളിൽ ബുധനാഴ്ച മുതൽ വ്യാഴം വരെ രാവിലെ വരെ 100 മില്ലിമീറ്റർ വരെ മഴ പെയ്യാം. ഒപ്പം മണിക്കൂറിൽ 70 മുതൽ 80 കി.മീ വരെ വേഗത്തിൽ കാറ്റും വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം നോവസ്കോഷയിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നു. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ തെക്കൻ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ മണിക്കൂറിൽ 120 കി.മീ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് എൻവയൺമെന്റ് കാനഡ അറിയിച്ചു.
പ്രയറി – ആൽബർട്ട
ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, നോർത്തേൺ ഒൻ്റാരിയോ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ അതിശൈത്യമുള്ള മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട്. ഇവിടെ ബുധനാഴ്ച രാവിലെ മുതൽ കാറ്റിനൊപ്പം താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസ് വരെ എത്താം.
ബ്രിട്ടിഷ് കൊളംബിയ – ടെറിട്ടറികൾ
ബ്രിട്ടിഷ് കൊളംബിയയിൽ, സെൻട്രൽ കോസ്റ്റിൻ്റെയും ഫ്രേസർ വാലിയുടെയും ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പുകൾ നിലവിലുണ്ട്. അവിടെ ബുധനാഴ്ച ഉച്ചവരെ 20 സെൻ്റീമീറ്ററോ അതിൽ കൂടുതലോ മഞ്ഞുവീഴുമെന്നാണ് പ്രവചനം. 50 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്ന ഈസ്റ്റ് വാൻകൂവർ ദ്വീപിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യൂകോൺ മാത്രമാണ് ബുധനാഴ്ച കാലാവസ്ഥാ മുന്നറിയിപ്പിന് കീഴിലല്ലാത്ത ഏക പ്രദേശം. അതേസമയം നൂനവൂട്ട്, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ അതിശൈത്യ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ കാറ്റിനൊപ്പം താപനില മൈനസ് 55 ഡിഗ്രി സെൽഷ്യസ് വരെ എത്തും.