ഓട്ടവ : ക്രിസ്‌ലർ വാഹനങ്ങളും യുഎസ്ബി ചാർജറുകളും ഉൾപ്പെടെ വിവിധ ഇനങ്ങൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു. കാനഡക്കാർ ശ്രദ്ധിക്കേണ്ട ഉൽപ്പന്നങ്ങൾ പരിശോധിക്കാം :
ഇലക്ട്രോണിക്സ്
വൈദ്യുതാഘാതവും തീപിടുത്തവും കാരണം ഡബിൾ യുഎസ്ബി എസി അഡാപ്റ്റർ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. മോഡൽ നമ്പർ LDT-3GI-B5 ഉള്ള അഡാപ്റ്റർ, വെള്ള, ക്യൂബ് ആകൃതിയിലുള്ള യുഎസ്ബി ചാർജറാണ്. 2022 മെയ് മുതൽ 2024 ഫെബ്രുവരി വരെ കാനഡയിൽ ഏകദേശം അയ്യായിരത്തോളം അഡാപ്റ്ററുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഫെബ്രുവരി 13 വരെ കമ്പനിക്ക് ഈ അഡാപ്റ്ററുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈദ്യുതാഘാത സാധ്യത മുൻനിർത്തി അസൺ ടെക് യുഎസ്ബി വാൾ ചാർജർ ഹെൽത്ത് കാനഡ വ്യാഴാഴ്ച തിരിച്ചുവിളിച്ചു. SKU നമ്പർ 400155 ഉള്ള വെള്ള ടൈപ്പ്-എ സിംഗിൾ പോർട്ട് വാൾ ചാർജറാണിത്. 2023 നവംബർ മുതൽ 2024 ഫെബ്രുവരി വരെ കാനഡയിലുടനീളം രണ്ടായിരത്തി മുന്നൂറിലധികം ചാർജറുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഫെബ്രുവരി 15 വരെ, ഇതുമായി ബന്ധപ്പെട്ട് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

ജീപ്പ് ഗ്രാൻഡ് ചെറോക്കി
വാഹനതിന് നിയന്ത്രണം നഷ്‌ടപ്പെട്ട് അപകടസാധ്യത വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ 18,323 ജീപ്പ് ഗ്രാൻഡ് ചെറോക്കി വാഹനങ്ങൾ ക്രിസ്‌ലർ തിരിച്ചുവിളിച്ചു. 2021-23 ലെ മൈ ജീപ്പ് ഗ്രാൻഡ് ചെറോക്കി, ജീപ്പ് ഗ്രാൻഡ് ചെറോക്കി എൽ മോഡലുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.
യുഎസിൽ ഏകദേശം 338,200, മെക്സിക്കോയിൽ 3,700, അന്താരാഷ്‌ട്ര വിപണിയിൽ 16,200 വാഹനങ്ങളും തിരിച്ചുവിളിച്ചിട്ടുണ്ട്.
വ്യാജ മരുന്നുകൾ
ടൊറൻ്റോയിലെ രണ്ട് കൺവീനിയൻസ് സ്റ്റോറുകളിൽ നിന്ന് ലൈംഗീക ഉദ്ധാരണക്കുറവിന് ഉപയോഗിക്കുന്ന രണ്ട് വ്യാജ മരുന്നുകൾ ഹെൽത്ത് കാനഡ കണ്ടുകെട്ടി. സ്കാർബറോയിലുള്ള ഡെയ്‌സി മാർട്ടിൽ നിന്ന് വ്യാജ വയാഗ്രയുടെ 100 മില്ലിഗ്രാം പാക്കറ്റുകൾ പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ നോർത്ത് യോർക്കിലെ എംജെ മിനി മാർട്ടിൽ നിന്ന് 20 മില്ലിഗ്രാം പാക്കറ്റ് വ്യാജ സിയാലിസ് മരുന്നും പിടികൂടി.

അംഗീകൃത നിർമ്മാതാക്കൾ ഈ മരുന്നുകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു.
സൈക്കിളുകൾ
ഹെഡ്‌ട്യൂബ് ഫ്രെയിമിലെ സാങ്കേതിക പിഴവുകൾ കാരണം വീഴ്ച്ചയ്ക്കും പരുക്കേൽക്കാനും സാധ്യത ഉള്ളതിനാൽ കനോൻഡേൽ ഡേവ് സൈക്കിളുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. 2021 മുതൽ 2023 വരെയുള്ള മോഡൽ സൈക്കിളുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.
2021 ജൂണിനും 2023 ഡിസംബറിനും ഇടയിൽ കാനഡയിലുടനീളം നൂറിലധികം സൈക്കിളുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഫെബ്രുവരി 28 വരെ, അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സൈക്കിൾ ഉടമകൾ സൗജന്യ ഫ്രെയിം മാറ്റിസ്ഥാപിക്കുന്നതിന് കാനോൻഡേൽ ഡീലറെ ബന്ധപ്പെടണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.