മിസ്സിസാഗ : മിസ്സിസാഗയിൽ കഴിഞ്ഞ മാസം യുവതിയെ ആക്രമിച്ച് കാർ മോഷ്ടിച്ച കേസിലെ പ്രതിയെ തിരഞ്ഞ് പൊലീസ്. ഫെബ്രുവരി 8 ന് ഉച്ചയ്ക്ക് ഹുറോണ്ടാരിയോ സ്ട്രീറ്റ്, എഗ്ലിൻ്റൺ അവന്യൂ ഈസ്റ്റ് മേഖലയിലെ പ്രെസ്റ്റൺ മെഡോ അവന്യൂ, തോൺവുഡ് ഡ്രൈവ് എന്നിവയ്ക്ക് സമീപമായിരുന്നു സംഭവം.

യുവതി കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അജ്ഞാതൻ വന്ന് യുവതിയെ ആക്രമിച്ച് കാറും കൊണ്ട് കടന്നു കളയുകയായിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ജെയിംസ് ഓസ്റ്റിൻ ഡ്രൈവിനും അക്കോൺ പ്ലേസിനും സമീപം മോഷ്ടിക്കപ്പെട്ട വാഹനം ഉദ്യോഗസ്ഥർ കണ്ടെത്തി.
പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 20 വയസ്സുള്ള ഒരു ദക്ഷിണേഷ്യൻ യുവാവായ പ്രതിയെ സൺഗ്ലാസും നീല കോട്ടും ധരിച്ചാണ് അവസാനമായി കണ്ടത്. പ്രതി സഞ്ചരിച്ചെന്ന് സംശയിക്കപ്പെടുന്ന രണ്ട് വാഹനങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ (905) 453–2121, എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് നിർദേശിച്ചു.