ടൊറൻ്റോ : നഗരത്തിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കുള്ള നികുതി അടയ്‌ക്കേണ്ട സമയപരിധി നീട്ടി. വീട്ടുടമകൾക്ക് അവരുടെ ഒക്യുപ്പൻസി സ്റ്റാറ്റസ് സമർപ്പിക്കാനും ഫീസ് നൽകുന്നതിനും രണ്ടാഴ്ച കൂടി സമയം അനുവദിച്ചതായി ടൊറന്റോ സിറ്റി അധികൃതർ അറിയിച്ചു. മാർച്ച് 15 വരെ നഗരത്തിൽ അപേക്ഷകൾ സ്വീകരിക്കും. ഫെബ്രുവരി 29 വരെ ആയിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്.

ഒരു വർഷത്തിൽ ആറ് മാസത്തിലധികം കാലം തങ്ങളുടെ വസ്തുവകകൾ ഒഴിഞ്ഞുകിടക്കുന്ന ഉടമകൾക്കാണ് ഇത്തരത്തിൽ നികുതി ഈടാക്കുന്നത്. 2023-ൽ, നികുതി നിരക്ക് ഒരു ശതമാനമായിരുന്നു. 2024 നികുതി വർഷത്തിലും അതിനുശേഷം എല്ലാ വർഷവും, ഒക്ടോബറിൽ കൗൺസിൽ അംഗീകാരത്തിന് ശേഷം നികുതി നിരക്ക് മൂന്ന് ശതമാനമായിരിക്കും. മിക്ക വീട്ടുടമകളും നികുതി അടയ്‌ക്കേണ്ടതില്ല, എന്നാൽ ഓരോ വീട്ടുടമസ്ഥനും അവരുടെ ഒക്യുപ്പൻസി സ്റ്റാറ്റസ് പ്രഖ്യാപിക്കുകയോ $21.24 ഫീസ് അടയ്ക്കുകയോ ചെയ്യണം.