എണ്ണത്തില്‍ ഗണ്യമായ കുറവ് നേരിടുന്നതും ഇപ്പോഴും അനധികൃതമായി വേട്ടയാടലിന് ഇരയാവുകയും ചെയ്യുന്ന കാണ്ടാമൃഗ ഇനമാണ് സതേണ്‍ വൈറ്റ് റൈനോകള്‍. ഇവയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോള്‍ കുഞ്ഞന്‍ സതേണ്‍ വൈറ്റ് റൈനോ എത്തിയ സന്തോഷത്തിലാണ് യു.കെയിലെ നോസ്‌ലി സഫാരി പാര്‍ക്ക്.

സഫാരി പാര്‍ക്കിലെ ബയാമി, സാക്ക എന്നീ സതേണ്‍ വൈറ്റ് റൈനോകള്‍ക്കാണ് കുഞ്ഞ് പിറന്നത്. യു.കെയില്‍ വൈറ്റ് റൈനോകള്‍ ഏറ്റവുമധികമുള്ള നോസ്‌ലി സഫാരി പാര്‍ക്കില്‍ ഇവയുടെ പ്രജനനത്തിനായുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോര്‍ത്തേണ്‍ വൈറ്റ് റൈനോകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവ കൂടിയാണ് സതേണ്‍ വൈറ്റ് റൈനോകള്‍. അമ്മയും കുഞ്ഞും നിലവില്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്. സതേണ്‍ വൈറ്റ് റൈനോകളുടെ 17,000 എണ്ണം മാത്രമാണ് ശേഷിക്കുന്നത്.