വിക്ടോറിയ : ബ്രിട്ടിഷ് കൊളംബിയ വൻകൂവർ ഐലൻഡ് കമ്മ്യൂണിറ്റിയായ മെച്ചോസിനിൽ അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് രണ്ടു യുവതികൾ മരിച്ചു. രണ്ടു യുവാക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആർസിഎംപി റിപ്പോർട്ട് ചെയ്തു.

ഇന്ന് രാവിലെ ആറരയോടെ ഗ്രേറ്റർ വിക്ടോറിയ മുനിസിപ്പാലിറ്റിയിലെ ബീച്ചിന് അടുത്തുള്ള പാർക്കിങ് സ്ഥലത്താണ് നാലു പേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. യുവതികൾ രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി വെസ്റ്റ് ഷോർ ആർസിഎംപി പറഞ്ഞു. യുവാക്കൾ രണ്ടു പേരും മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും അധികൃതർ പറഞ്ഞു.

സംഭവത്തിൽ വെസ്റ്റ് ഷോർ ആർസിഎംപി, ബിസി കൊറോണേഴ്സ് സർവീസ് എന്നിവർ സംയുക്തമായി അന്വേഷണം നടത്തും. അന്വേഷണത്തെ തുടർന്ന് ടെയ്‌ലർ റോഡിലൂടെ ബീച്ചിലേക്കും റോഡിലേക്കുമുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.