Saturday, December 13, 2025

റിലീസിന് മുൻപേ വമ്പൻ നേട്ടം ! ‘സൂര്യ 44’ൻ്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ് ?

Netflix acquires OTT rights for Suriya's upcoming film, Suriya 44

കാ‍ർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘സൂര്യ 44’ൻ്റെ ഒടിടി അവകാശം പ്രമുഖ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ട്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. സിനിമയുടെ ചിത്രീകരണം പോലും അവസാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘സൂര്യ 44’. ‘ലവ് ലാഫ്റ്റര്‍ വാര്‍’ എന്നാണ് ‘സൂര്യ 44’ൻ്റെ ടാഗ് ലൈന്‍. സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഊട്ടിയിൽ പൂർത്തിയായത്. ഊട്ടിയിലെ ചിത്രീകരണത്തിനിടയിൽ സൂര്യക്ക് പരിക്ക് പറ്റിയത് വാർത്തയായിരുന്നു. ചെറിയ പരിക്കാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും 2 ഡി എൻ്റർർടെയ്ൻമെന്‍റ് സിഇഒ രാജശേഖർ പാണ്ഡ്യൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

‘സൂര്യ 44’-ൽ മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘പൊന്നിയിന്‍ സെല്‍വ’ന് ശേഷം ജയറാം അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്.

ശിവ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പീരിയഡ് ആക്ഷൻ ചിത്രമായ ‘കങ്കുവ’ ആണ് ഉടൻ പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. ചിത്രം 38 ഭാഷകളിലാണ് തിയേറ്ററുകളിലെത്തുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാ വേഷം ചെയ്യുന്നത് ദിഷാ പഠാനിയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!