ടൊറൻ്റോ : ടൊറൻ്റോയിലും തെക്കൻ ഒൻ്റാരിയോയിലുടനീളമുള്ള മറ്റ് പല പ്രദേശങ്ങളിലും 24 മണിക്കൂറിനുള്ളിൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മഴ ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. മിസ്സിസാഗ-ബ്രാംപ്ടൺ, ഹാൾട്ടൺ ഹിൽസ്-മിൽട്ടൺ, വോൺ-റിച്ച്മണ്ട് ഹിൽ-മാർക്കം, പിക്കറിങ്-ഓഷവ (സതേൺ ദുർഹം റീജൻ), കിച്ചനർ-കേംബ്രിഡ്ജ്-വാട്ടർലൂ എന്നിവിടങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു.
കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകും. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. രാത്രിയോടെ ശക്തമായ ഇടിമിന്നലും ഒപ്പം കനത്ത മഴയും ഉണ്ടാകുമെന്നും എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഹാമിൽട്ടൺ, ബാരി-കോളിംഗ്‌വുഡ്-ഹിൽസ്‌ഡെയ്ൽ, വിൻസർ തുടങ്ങിയ പ്രദേശങ്ങളിൽ നാളെ രാവിലെയോടെ 45 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.