എഡ്മിന്‍റൻ : ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആൽബർട്ടയിലെ കാൽമറിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി മൗണ്ടീസ് റിപ്പോർട്ട് ചെയ്തു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഹൈവേ 795-ൽ ടൗൺഷിപ്പ് റോഡ് 490-ൽ നിസാൻ സെൻട്രയും ഡോഡ്ജ് റാമും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ലെഡക് ആർസിഎംപി പറയുന്നു. എഡ്മിന്‍റനിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് കാൽമർ പട്ടണം സ്ഥിതി ചെയ്യുന്നത്.

നിസാനിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 28 വയസ്സുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേരിൽ ഒരാളെ ഗുരുതര പരുക്കുകളോടെ എഡ്മിന്‍റനിലേക്ക് എയർലിഫ്റ്റ് ചെയ്തു. മറ്റൊരാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോഡ്ജിൽ രണ്ട് പേർ ഉണ്ടായിരുന്നു, ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.