ഓട്ടവ : രാജ്യത്തുടനീളം നിലനിൽക്കുന്ന ഭവന പ്രതിസന്ധിക്ക് പരിഹാരമായി സെക്കണ്ടറി സ്യൂട്ടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നടപടികൾ പ്രഖ്യാപിച്ച് ഫെഡറൽ ഗവൺമെൻ്റ്. ഇതിൽ ഒഴിഞ്ഞു കിടക്കുന്ന ഭൂമിക്ക് നികുതി ചുമത്തൽ, ഉപയോഗിക്കാത്ത ഫെഡറൽ സ്ഥലങ്ങളിൽ വീടുകൾ നിർമ്മിക്കൽ എന്നിവ ഉൾപ്പെടുന്നു. സെക്കണ്ടറി സ്യൂട്ട് നിർമ്മിക്കാൻ റീഫിനാൻസ് ചെയ്യുന്നവർക്ക് മോർഗെജ് ഇൻഷുറൻസ് ഹോം വില പരിധി 20 ലക്ഷം ഡോളർ ആയി വർധിപ്പിക്കുമെന്നും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞു.

ഉപയോഗിക്കാത്ത ബേസ്‌മെൻ്റോ ഗാരേജോ വാടക സ്യൂട്ടാക്കി മാറ്റാൻ ആഗ്രഹിക്കുന്ന വീട്ടുടമകൾക്ക് വായ്പ നൽകുന്നവർക്കും ഇൻഷുറൻസ് കമ്പനികൾക്കും മോർഗെജ് റീഫിനാൻസിങ് എങ്ങനെ നൽകാമെന്നതിലും മാറ്റം വരുത്തും. ഇതോടെ വീട്ടുടമസ്ഥർക്ക് ഇപ്പോൾ അവരുടെ നിലവിലെ മോർഗെജ് റീഫിനാൻസ് ചെയ്യാനും ഒരു സെക്കണ്ടറി സ്യൂട്ട് നിർമ്മിക്കാനും കഴിയും. സെക്കണ്ടറി സ്യൂട്ടുകളുടെ മൂല്യം ഉൾപ്പെടെ, വീടിൻ്റെ മൂല്യത്തിൻ്റെ 90% വരെ കടം വാങ്ങാനും സാധിക്കും. കൂടാതെ കടം വാങ്ങുന്നയാൾക്ക് 30 വർഷത്തേക്ക് റീഫിനാൻസ് ചെയ്ത മോർഗെജ് അമോർട്ടൈസ് ചെയ്യാനും കഴിയും.

അവസാനമായി, ഉപയോഗിക്കാത്ത 14 ഫെഡറൽ പ്രോപ്പർട്ടികൾ പുതിയ വീടുകൾ നിർമ്മിക്കാൻ വിനിയോഗിക്കുമെന്ന് പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെൻ്റ് മന്ത്രി ജോയ-യെവ് ഡുക്ലോ പ്രഖ്യാപിച്ചു. ഇതോടെ കാനഡ പബ്ലിക് ലാൻഡ് ബാങ്കിൽ ചേർത്ത മൊത്തം ഫെഡറൽ പ്രോപ്പർട്ടികളുടെ എണ്ണം 70 ആയി. കാനഡയിലുടനീളമുള്ള ഓട്ടവ, കെബെക്ക് സിറ്റി, കെയ്പ് ബ്രെറ്റൺ, സെൻ്റ് ജോൺസ് എന്നീ നഗരങ്ങളിലാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്.