ജബാലിയ : വടക്കൻ ഗസ്സയിൽ 4 ലക്ഷത്തിലേറെ ജനങ്ങളെ വളഞ്ഞുവെച്ച ഇസ്രയേൽ സൈന്യം ആശുപത്രികളും അഭയകേന്ദ്രങ്ങളും ആക്രമിച്ചു. ജബാലിയ അഭയാർഥിക്യാംപിലെ പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും, സ്ത്രീകളോടും കുട്ടികളോടും ഒഴിഞ്ഞുപോകാനും ഉത്തരവിടുകയും ചെയ്തു.
ഇന്നലെ മാത്രം ഗസ്സയിൽ കൊല്ലപ്പെട്ടത് 33 പലസ്തീൻകാരാണ്. വടക്കൻ ഗസ്സയിലെ ജബാലിയ, ബെയ്ത്ത് ഹനൂൻ, ബെയ്ത്ത് ലാഹിയ എന്നീ പട്ടണങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ ആക്രമണം 17 ദിവസം പിന്നിടുമ്പോൾ 640 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. അതിനിടെ, ജബാലിയയിലെ സ്ഫോടനത്തിൽ ഇസ്രയേൽ സേനയിലെ കേണൽ അഹ്സൻ ദക്സ കൊല്ലപ്പെട്ടു. ഒരു ബറ്റാലിയൻ കമാൻഡർക്കും 2 ഓഫിസർമാർക്കും പരുക്കേൽക്കുകയും ചെയ്തു.

വടക്കൻ ഗസ്സയിൽ മരുന്നും ഭക്ഷണവുമടക്കം അടിയന്തരസഹായം എത്തിക്കുന്നത് ഇസ്രയേൽ സൈന്യം തടഞ്ഞെന്ന് യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി പറഞ്ഞു. അഭയകേന്ദ്രമായ സ്കൂളുകളിൽ കടന്ന സൈന്യം പുരുഷന്മാരെ കസ്റ്റഡിയിലെടുത്തശേഷം കെട്ടിടങ്ങൾക്കു തീയിട്ടു. ആശുപത്രി ജനററ്റേറുകളിലേക്കു തീപടർന്നതോടെ വൈദ്യുതി നിലച്ചു.
തെക്കൻ ലബനനിൽ 3 ലബനൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ ഖേദം പ്രകടിപ്പിച്ചു. ഹിസ്ബുല്ലയുടെ വാഹനമാണെന്നു കരുതിയാണു വെടിയുതിർത്തതെന്നും വ്യക്തമാക്കി.അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മധ്യപൂർവദേശത്തേക്കു പുറപ്പെട്ടു. യുദ്ധം ആരംഭിച്ചശേഷം ബ്ലിങ്കന്റെ 11–ാമത്തെ യാത്രയാണിത്. ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ മേധാവി റോനൻ ബറും ചർച്ചയ്ക്കായി ഈജിപ്തിലെ കയ്റോയിലെത്തി. ഹമാസ് നേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ട സാഹചര്യം വെടിനിർത്തലിന് ഉചിതമാണെന്നാണ് യുഎസ് കരുതുന്നത്.
ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 42,603 പലസ്തീൻകാർ കൊല്ലപ്പെട്ടു. 99,795 പേർക്കു പരുക്കേറ്റു.
