‘കൽക്കി 2898 എ ഡി’ എന്ന ഹിറ്റ് സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് സൂപ്പർ താരം പ്രഭാസിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ദി രാജാസാബ്’. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പോസ്റ്ററിൽ ഇതുവരെ കാണാത്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. താരത്തിന്‍റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ‘രാജാസാബ്’ മോഷൻ പോസ്റ്റർ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രഭാസ് വീണ്ടും ഞെട്ടിക്കുമെന്ന കാര്യത്തിൽ ഉറപ്പായി.
ആദ്യ പോസ്റ്ററുകളിൽ കളർഫുൾ, റൊമാൻ്റിക് ലുക്കുകളിലാണ് പ്രഭാസിനെ കണ്ടതെങ്കിൽ ഇക്കുറി ഹൊറർ എലമെന്‍റുകൾക്ക് പ്രാധാന്യം നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്‍റെ ലുക്കാണ് പോസ്റ്ററിന്‍റെ പ്രധാന ആകർഷണം. പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്കായി ഒരു റോയൽ ട്രീറ്റ് കാത്തിരിക്കുന്നു എന്ന് മുമ്പേ സിനിമയുടെ അണിയപ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോൾ രാജാ സാബിൻ്റെ പുതിയ മോഷൻ പോസ്റ്റർ ആഘോഷപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ‘ഹാപ്പി ബെർത്ത്ഡേ റിബൽ സാബ്’ എന്നെഴുതി കൊണ്ടാണ് പ്രഭാസിന് സിനിമയുടെ അണിയറപ്രവർത്തകർ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ദ രാജാ സാബ്’ന്‍റെ ആദ്യ ഗ്ലിംപ്സ് വിഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. 2025 ഏപ്രില്‍ 10 നാണ് സിനിമ ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുക. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം.
തമന്‍ എസ് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. കാർത്തിക് പളനിയാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ.സി. കമല കണ്ണനാണ്. ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
താരത്തിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം കല്‍ക്കിയാണ്. പ്രഭാസിന്‍റെ കരിയറിലെ സമാനതകളില്ലാത്ത വിജയമായിരുന്നു കല്‍ക്കിയുടേത്. താരപ്പകിട്ടുകൊണ്ടും ചിത്രത്തിന്‍റെ പ്രമേയം കൊണ്ടും അവതരണ രീതിയാലും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രഭാസിന്‍റെ കരിയറിലെ തന്നെ പുതിയ അധ്യായത്തിന്‍റെ തുടക്കമാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.