വൻകൂവർ : 2024-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ അമിത മയക്കുമരുന്ന് ഉപയോഗം മൂലം പ്രവിശ്യയിൽ 1,700 പേർ മരിച്ചതായി ബ്രിട്ടിഷ് കൊളംബിയ കൊറോണേഴ്സ് സർവീസ് (BCCS) റിപ്പോർട്ട്. ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രം യഥാക്രമം 187 പേരും 183 പേരും മരിച്ചതായി പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഓരോ ദിവസവും ഏകദേശം ആറ് പേർ മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2024-ലെ ആദ്യ ഒമ്പത് മാസത്തെ കണക്കുകൾ 2023-ലെ ആദ്യ ഒമ്പത് മാസങ്ങളിലെ (1,896) മരണങ്ങളുടെ എണ്ണത്തിൽ നിന്ന് 8% കുറവ് ഉണ്ടായിട്ടുണ്ടെന്നും കൊറോണേഴ്സ് സർവീസ് പറയുന്നു. മരണങ്ങളിൽ പകുതിയും 30-നും 49-നും ഇടയിൽ പ്രായമുള്ളവരായിരുന്നു. കൂടാതെ 1.1% 18 വയസോ അതിൽ താഴെയോ പ്രായമുള്ളവരാണെന്നും BCCS അറിയിച്ചു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത അതേ കാലയളവിനെ അപേക്ഷിച്ച് മരണങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, 2024-ൽ ഇതുവരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളിൽ 26% സ്ത്രീകളാണെന്ന് കൊറോണേഴ്സ് സർവീസ് പറയുന്നു. വൻകൂവർ, സറേ, ഗ്രേറ്റർ വിക്ടോറിയ എന്നിവിടങ്ങളിലാണ് സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായതെന്ന് കൊറോണേഴ്‌സ് സർവീസ് കൂട്ടിച്ചേർത്തു.
