വൻകൂവർ : നോർത്തേൺ ബ്രിട്ടിഷ് കൊളംബിയയിൽ നിന്ന് പിതാവിനൊപ്പം രണ്ട് മക്കളെ കാണാതായതായി RCMP റിപ്പോർട്ട് ചെയ്തു. ആരോൺ ഹ്യൂം, മക്കളായ ഏഴ് വയസ്സുള്ള ആഞ്ചലിക്ക്, 10 വയസ്സുള്ള മൈക്കിൾ എന്നിവരെയാണ് ശനിയാഴ്ച കാണാതായത്. ആരോൺ ഹ്യൂമിൻ്റെയും രണ്ട് കുട്ടികളുടെയും സുരക്ഷയിൽ ആശങ്ക ഉണ്ടെന്ന് പൊലീസ് പറയുന്നു.

ആരോണും രണ്ട് കുട്ടികളും തെക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിലേയ്‌ക്കോ ആൽബർട്ടയിലേക്കോ യാത്ര ചെയ്യുന്നുണ്ടെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. 2023 മോഡൽ വെള്ള ഡോഡ്ജ് റാം 1500-ലാണ് സഞ്ചരിക്കുന്നത്. 5’9″ ഉയരവും 150 പൗണ്ട് ഭാരവുമുള്ള 38 വയസ്സുള്ള ഹ്യൂമിന് കുട്ടികളുടെ കസ്റ്റഡിയിലുള്ളതിനാൽ ആംബർ അലർട്ട് നൽകാനാവില്ലെന്നും അതിനാൽ കേസ് തട്ടിക്കൊണ്ടുപോകലായി അന്വേഷിക്കുന്നില്ലെന്നും RCMP വക്താവ് അറിയിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് RCMP വക്താവ് അഭ്യർത്ഥിച്ചു.
