ഓട്ടവ : ഇറക്കുമതി തീരുവ 25% ഉയർത്തുമെന്ന നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രീമിയർമാരും ബുധനാഴ്ച അടിയന്തര യോഗം ചേരും. യോഗം വൈകിട്ട് അഞ്ച് മണിക്ക് ആയിരിക്കും നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാവരും ഒരുമിച്ച് നിൽക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും ടീം കാനഡ സമീപനമാണ് ആവശ്യമെന്നും ട്രൂഡോ പറഞ്ഞു. ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്, പ്രീമിയർമാരും ട്രൂഡോയും തമ്മിൽ അടിയന്തര കൂടിക്കാഴ്ച നടത്താൻ ആവശ്യപ്പെട്ടിരുന്നു. ഫെഡറേഷൻ കൗൺസിൽ അധ്യക്ഷനായ ഫോർഡുമായും കെബെക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് ഉൾപ്പെടെയുള്ള മറ്റ് പ്രീമിയർമാരുമായും ട്രൂഡോ തിങ്കളാഴ്ച ഫോണിൽ സംസാരിച്ചു.
ജനുവരിയിൽ അധികാരമേൽക്കുമ്പോൾ കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25% തീരുവ ചുമത്തുമെന്ന് തിങ്കളാഴ്ച ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കാനഡയും മെക്‌സിക്കോയും അനധികൃത അതിർത്തി ക്രോസിങ്ങുകൾ അടയ്ക്കുകയും ഫെൻ്റനൈൽ പോലുള്ള മയക്കുമരുന്നുകൾ യുഎസിലേക്ക് കടത്തുന്നത് തടയുകയും ചെയ്യുന്നതുവരെ താരിഫുകൾ പ്രാബല്യത്തിൽ തുടരുമെന്നും ട്രംപ് പറഞ്ഞു.