തൃശൂർ : വിവാദമായ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷന്‍, ബാങ്കിലെ ജീവനക്കാരൻ സി.കെ.ജിൽസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.എൻഫോഴ്‌സ്‌മെന്റ് എടുത്ത കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. ഒരു വർഷത്തിലേറെയായി ജയിലിലാണ്. 334 കോടി രൂപ വെളുപ്പിച്ചെന്നതാണ് കേസ്. കേസിൽ അറസ്റ്റിലായ ആദ്യ രാഷ്ട്രീയ നേതാവാണ്. എറണാകുളം പിഎംഎൽഎ കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് അരവിന്ദാക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഈ വർഷം ജൂണിൽ അരവിന്ദാക്ഷന് ഹൈക്കോടതി 10 ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. 2023 സെപ്റ്റംബർ 26നാണ് അരവിന്ദാക്ഷൻ അറസ്റ്റിലായത്. കരുവന്നൂർ സഹകരണ ബാങ്കിലെ എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണു നടന്നതെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. വടക്കാഞ്ചേരി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന അരവിന്ദാക്ഷന്റെ അറസ്റ്റ് സിപിഎമ്മിൽ ഉണ്ടാക്കിയ പ്രതിസന്ധി വളരെ വലിയതായിരുന്നു.പൊതു മധ്യത്തിൽ പാർട്ടി വലിയ പ്രതിരോധത്തിലായി.